തൊടുപുഴ: വന്യമൃഗ ആക്രമണം അനുദിനം വര്‍ധിച്ചുവരുന്ന ജില്ലയില്‍ വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തികകള്‍ നികത്തുന്നില്ലെന്ന് പരാതി. കാട്ടാന ആക്രമണം ഉള്‍പ്പെടെ പല മേഖലകളിലും മനുഷ്യ-വന്യജീവി സംഘര്‍ഷം നില നില്ക്കുന്ന സാഹചര്യത്തില്‍പ്പോലും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തികകള്‍ നികത്താന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് വനംവകുപ്പിലെ നാല് സര്‍ക്കിളുകളിലായി നൂറോളം ഒഴിവുകളാണ് നിലവിലുള്ളത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചാല്‍ ഈ തസ്തികയിലെത്തും.എന്നാല്‍ കാലങ്ങളായി ഒരു സര്‍ക്കിളിലും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പ്രമോഷന് നല്‍കിയിട്ടില്ല.
വന്യജീവി ആക്രമണം രൂക്ഷമായ ഹൈറേഞ്ച് സര്‍ക്കിളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മറ്റ് സര്‍ക്കിളുകളെ അപേക്ഷിച്ച് ഹൈറേഞ്ച് സര്‍ക്കിളിലെ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് സര്‍വീസില്‍ 19 വര്‍ഷമെത്തുമ്പോഴാണ്. മറ്റു സര്‍ക്കിളുകളില്‍ 12 മുതല്‍ 15 വര്‍ഷം വരെയെത്തുമ്പോഴാണ് സ്ഥാനക്കയറ്റം ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ വനമേഖലയുള്ളതും മനുഷ്യ - വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുതലുള്ളതുമായ ഹൈറേഞ്ച് സര്‍ക്കിളില്‍ 27 ഓളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ ഉണ്ടായിട്ടും നികത്താത്തതു കാരണം വകുപ്പിലെ ജോലികള്‍തന്നെ അവതാളത്തിലാണ്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നല്‍കാത്തത് തങ്ങളോട് കാണിക്കുന്ന അവഗണനയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഓരോ ദിവസവും വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടി കഴിയുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കാര്യക്ഷമമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രമോഷന് ലഭിക്കണമെന്നും എത്രയുംപെട്ടെന്ന് ഒഴിഞ്ഞുകിടക്കുന്ന വേക്കന്‍സികള്‍ നികത്തി വന്യജീവി സംഘര്‍ഷം ലഘൂകരിക്കണമെന്നും അടിയന്തരമായി ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം നടപ്പാക്കണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സൗത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.