ചിറ്റൂർ: 16-മത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും കാന്പസ് ചിത്രങ്ങൾക്കുമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക് മേളയുടെ സമാപന വേദിയിൽ പുരസ്കാരങ്ങൾ നൽകി. ശ്രീകേഷ് സംവിധാനം ചെയ്ത ഡിയർ ടീച്ചർ ആണ് മികച്ച ഹ്രസ്വചിത്രം.
നിവീ കഥനി സംവിധാനം ചെയ്ത വീട്ടിൽ, അരവിന്ദൻ എസ്.എസ് സംവിധാനം ചെയ്ത കെവൈസി, ഗോകുൽ ഗോപിനാഥിന്റെ വരവ് എന്നിവ ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹമായി. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ആയ രേവതിയുടെ ജീവിതം ചിത്രീകരിച്ച ഞാൻ രേവതി മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു .
ആനന്ദ് പി. ചന്ദ്രൻ സംവിധാനം ചെയ്ത ചുമരു തൊട്ടപ്പോൾ മെല്ലെ തെളിഞ്ഞവ, പി. വിഷ്ണുരാജ് സംവിധാനം ചെയ്ത കെ. പാരിയുടെ നിർമാണത്തിൽ, അയന സംവിധാനം ചെയ്ത ഡോക്യുമെന്ററി പനിഷിംഗ് ദി പ്രൊഫസർ എന്നിവ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
കൊൽകൊത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി റിഷിക് ഭരത് സംവിധാനം ചെയ്ത ഛായാചിത്രങ്ങൾ മികച്ച കാന്പസ് ഫിലിമായപ്പോൾ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ദിനോസേഴ്സ് എഗ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. ശ്രീജിത് ദിവാകരൻ, ശ്രുതി ശരണ്യം, സുധ പത്മജ ഫ്രാൻസിസ്, ഹരിനാരായണൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.