കാളികാവ്: മലയോര ഹൈവേ പ്രവൃത്തി പൂർത്തീകരണത്തിന് പൂക്കോട്ടുംപാടം-കരുവാരക്കുണ്ട് റീച്ചിലെ കാളികാവ്-ചെങ്കോട്, ചോക്കാട്-കല്ലാമൂല ചെറുപാലങ്ങൾ പൊളിച്ചുപണിയുന്നു. ഇതിനായി റീ ടെൻഡർ ചെയ്തു. ആദ്യ ടെൻഡർ ഒരു കന്പനി മാത്രം ക്വാട്ട് ചെയ്തതിനാലാണിത്. ഈ മാസം 22വരെ അംഗീകൃത കരാറുകാർക്ക് ടെൻഡറിൽ പങ്കെടുക്കാം. 24ന് രാവിലെ ടെൻഡറുകൾ തുറക്കും.
സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച് നടത്തുന്ന മലയോര ഹൈവേ നിർമാണം അവസാന ഘട്ടത്തിലാണ്. 6.53 കോടി രൂപയ്ക്ക് മുകളിലുള്ള തുകയാണ് ഇരു പാലങ്ങളും പൊളിച്ചു പണിയാൻ വകയിരുത്തിയിട്ടുള്ളത്.
ബ്രിട്ടീഷ് ഭരണ കാലത്ത് 1936ൽ നിർമിച്ച പാലങ്ങൾ ജീർണിച്ചതും വീതി കുറവായതിനാലുമാണ് പൊളിച്ചു പണിയേണ്ടിവരുന്നത്. പാലത്തിലൂടെ ഒരേ സമയം ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാനാകൂ. പാലങ്ങളുടെ ഇരു ഭാഗത്തും റോഡ് നിർമാണം പൂർത്തിയായിട്ടുണ്ട്.