ഒറ്റപ്പാലം: മഴ നിന്നതോടെ ഭാരതപ്പുഴ വീണ്ടും നീർച്ചാലായി. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പുഴ ഇരുകര മുട്ടിയെങ്കിലും മഴ നിന്നതോടെ വീണ്ടും പഴയ അവസ്ഥയിലേക്കുതന്നെ മാറി. പുഴയുടെ ചിലയിടങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്.
കാടും പൊന്തയും പാഴ്മരങ്ങളും വീണ്ടും പുഴയെ വിഴുങ്ങിയ സ്ഥിതിയാണ്. മഴ മാറിയതോടെ കാട്ടുചെടികളും പാഴ്മരങ്ങളും വർധിതവീര്യത്തോടെയാണ് പുഴയിൽ തലയുയർത്തി നിൽക്കുന്നത്. മതിമറന്ന് പെയ്യേണ്ട മകയിരം ഞാറ്റുവേലയിലും നിള വരണ്ടുതന്നെയാണ് കിടന്നിരുന്നത്.
ഇടവപ്പാതി പിന്നിടുന്നതോടെ ഇരുകരമുട്ടി പരന്നൊഴുകുന്ന പുഴയ്ക്കിപ്പോൾ അക്കാലം വെറും ഓർമമാത്രമാണ്. കാലവർഷം ശക്തിപ്രാപിക്കേണ്ട നാളുകളിൽ കൊടുംചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. വിശാലമായ മണൽപ്പരപ്പിൽ ഇടയ്ക്കിടെ തഴച്ചുവളരുന്ന പൊന്തക്കാടും പുഴയുടെ വടക്കേ അതിരിനോട് ചേർന്നൊലിക്കുന്ന നീർച്ചാലും മാത്രമായി ഒറ്റപ്പാലം ഭാഗത്തെ പുഴ മാറിക്കഴിഞ്ഞു.
പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മായന്നൂർപാലം യാഥാർഥ്യമായത് കാൽനൂറ്റാണ്ട് മുമ്പാണ്. ഇതിനുശേഷം പുഴ കരകവിഞ്ഞൊഴുകിയത് 2018, 2019 വർഷങ്ങളിലുണ്ടായ മഹാമാരിക്കാലത്ത് മാത്രം.
മഴയിൽ പുഴ നിറയുകയും മഴ മാറുന്നതോടെ ജലമൊഴിയുകയും ചെയ്യുന്നതാണ് പുഴയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം. ഒറ്റപ്പാലം മേഖലയിലെ കുടിവെള്ള സ്രോതസുകളിലെ ജലവിതാനത്തിനു നിദാനം പുഴയിലെ ജലസമൃദ്ധിയാണ്. രണ്ടുപതിറ്റാണ്ടുമുമ്പ് വേനലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി താത്കാലിക തടയണ നിർമിച്ചഘട്ടത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതാണ്.
ഭാരതപ്പുഴ സംരക്ഷണപദ്ധതികൾ നിരവധി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. ഭാരതപ്പുഴയിൽ നിർമിച്ച തടയണകളുടെ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ ജലസമൃദ്ധിയുള്ളത്.