ന്യൂഡൽഹി: ആസാമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ യും, ഇത് ശരിവെച്ച ഗുവാഹത്തി ഹൈക്കോടതിയുടെയും ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി. പൗരത്വ നിർണയത്തിൽ കൃത്യവും നീതിപൂർവവുമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി ഇടപെൽ.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസുകൾ വീണ്ടും വാദം കേൾക്കുന്നതിനായി ബന്ധപ്പെട്ട ഫോറിനേഴ്സ് ട്രൈബ്യൂണലുകളിലേക്ക് സുപ്രീം കോടതി തിരിച്ചയച്ചു.
പൗരത്വം എന്നത് ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും, അതിനാൽ അത് തികച്ചും നീതിയുക്തമായ രീതിയിൽ മാത്രമേ തീരുമാനിക്കാവൂ എന്നും കോടതി വ്യക്തമാക്കി. രാജ്യത്തേക്ക് അനധികൃതമായി ആളുകൾ പ്രവേശിക്കുന്നത് തടയാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ആ ലക്ഷ്യം കൈവരിക്കാൻ വേണ്ടി ഭരണഘടനാപരമായ നീതിയും നടപടിക്രമങ്ങളും ബലികഴിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പഴയ വോട്ടേഴ്സ് ലിസ്റ്റുകളിലെ പേരുകളിലുള്ള അക്ഷരത്തെറ്റുകൾ, ചെറിയ പൊരുത്തക്കേടുകൾ തുടങ്ങിയ നിസാര കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് തങ്ങളെ വിദേശികളായി പ്രഖ്യാപിച്ചതെന്ന് കാണിച്ച് സബിത്രി ദേ, അജ്ബഹാർ അലി, എം.ഡി. അക്ബർ അലി, അബേദ ഖാതൂൻ, അനവാര ഖാതൂൻ എന്നിവരടങ്ങുന്ന സംഘമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിക്കാരുടെ പൗരത്വം ഉറപ്പാക്കുന്നതിനുള്ള തെളിവുകൾ ഇപ്പോൾ കോടതി നേരിട്ട് പരിശോധിച്ചിട്ടില്ല. എന്നാൽ ട്രൈബ്യൂണൽ ഈ കേസുകൾ വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുന്നത് വരെ, വിദേശികളായി മുദ്രകുത്തപ്പെട്ട ഈ 27 പേർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.