പശ്ചിമബംഗാളില്‍ ഇക്കുറിയും തൃണമൂല്‍-ബിജെപി പോരാട്ടം കനക്കും. ഏപ്രില്‍ 23, 29 തീയതികളിലാണ് വംഗനാട് വിധിയെഴുതുക. നാലാം ഭരണ തുടര്‍ച്ചയ്ക്കായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ ഭരണം പിടിച്ചടക്കാന്‍ ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.
വീടുകളില്‍ റേഷന്‍ ധാന്യങ്ങള്‍ നേരിട്ടെത്തിച്ച് ജനക്ഷേമം നടപ്പാക്കിയ മമത സമാനമായ രീതിയില്‍ വീടുകളില്‍ ചികിത്സാ സംവിധാനം എത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇലക്ഷന് മാനിഫെസ്റ്റോയില്‍ പറയുന്നത്.
ഭരണം കിട്ടിയാല്‍ ബംഗാളില്‍ പുതിയ ഏഴു ജില്ലകള്‍കൂടി രൂപവത്കരിക്കും. ക്ഷേമപെന്‍ഷനുകളില്‍ വര്‍ധന, എല്ലാവര്ക്കും വീട് തുടങ്ങിയവയും ഉറപ്പുനല്‍കുന്നു.
ബംഗാള്‍ വോട്ടര്‍ പട്ടികയില്‍ വലിയ വെട്ടിനിരത്തലുണ്ടാക്കിയതില് ബിജെപിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കലഹിച്ചാണ് ദീദി പ്രചാരണത്തിനു തുടക്കമിട്ടിരിക്കുന്നത്. 7.66 കോടി വോട്ടര്‍മാരുണ്ടായിരുന്ന ബംഗാളില്‍ നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളത് 7.04 കോടി. എട്ടു ശതമാനത്തിന്റെ ഈ കുറവ് തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം തകര്‍ക്കാന്‍ ഇടയാക്കുമോ എന്നതാണ് ചോദ്യം.
തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ വെട്ടിമാറ്റപ്പെട്ട 60 ലക്ഷം വോട്ടര്‍മാര്‍ക്ക് ജനവിധിയില്‍ പങ്കുചേരാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തതയില്ല. ബംഗാളി പ്രാദേശികതയ്ക്ക് ഈന്നല്‍ നല്‍കിയാണു തൃണമൂലിന്റെ പ്രചാരണം. ബിജെപിക്ക് ബംഗാളി സംസ്കാരമില്ലെന്നും അതു വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയാണെന്നും അവര്‍ ഭരണം പിടിച്ചാല്‍ പൗരാണിക ബംഗാളി സംസ്കൃതിയില്‍ കലര്പ്പുണ്ടാകുമെന്നും ദീദി വോട്ടര്‍മാരെ ബോധിപ്പിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണവീഴ്ചകളോ അഴിമതിയോ തൊഴിലില്ലായ്മയോ പ്രചാരണ വിഷയമാക്കാന്‍ ബിജെപിക്കു സാധിക്കുന്നില്ല. ക്ഷേമപെന്‍ഷനുകള്‍, സൗജന്യ റേഷന്‍, സൗജന്യ യാത്ര, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് തുടങ്ങി തൃണമൂല്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ എല്ലാ സമുദായങ്ങളുടെയും വിഭാഗക്കാരുടെയും പിന്തുണ ഉറപ്പാക്കാന്‍ സജ്ജമാണ്.
അതേസമയം ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റവും അവര്‍ അനധികൃത പൗരത്വം നേടുന്നതുമായ കാര്യങ്ങളില്‍ ജാതീയത ഉയര്‍ത്തി ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ശ്രമം. 2016 മുതല്‍ പ്രതിപക്ഷത്തുള്ള ബിജെപിക്ക് ബംഗാളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍പോലും സ്വാധീനമുണ്ടാക്കാനോ സീറ്റുകള്‍ നേടാനോ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളില്‍ 80 സീറ്റുകളില്‍ മുസ്ലിം വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൃണമൂല്‍ സാമുദായിക മാനദണ്ഡം കൃത്യമായി പാലിച്ചാണ് 291 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാനും ഭരണം ഉറപ്പാക്കാനും തൃണമൂല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏറെ ശ്രദ്ധവച്ചിട്ടുണ്ട്. നിലവിലുള്ള എംഎല്‍എമാരില്‍ 74 പേര്‍ക്ക് സീറ്റ് നല്‍കിയില്ല. 15 പേരുടെ മണ്ഡലങ്ങളില്‍ മാറ്റം വരുത്തി.
ബംഗാളില്‍ അടിത്തറയിളകിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും കാര്യമായ പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്തുന്നില്ല. മൂർഷിദാബാദ്, മാല്‍ദ പ്രദേശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടും ഇടതുപാര്‍ട്ടികളോടും ഭിന്നിച്ചു നില്ക്കുന്ന വോട്ടര്‍മാരില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.
മാത്രവുമല്ല ഇരു പാര്‍ട്ടികളും സഖ്യം ഉപേക്ഷിച്ച് തനിച്ച് മത്സരിക്കുകയുമാണ്. കോല്‍ക്കത്ത നഗരത്തോടു ചേര്‍ന്ന ഭവാനിപുരിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്നത്. മമതയെ നേരിടുന്നതാകട്ടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 2021ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 40 ശതമാനം വോട്ടുകളും ബിജെപിക്ക് 38 ശതമാനം വോട്ടുകളുമാണ് ബംഗാളില്‍ നേടാനായത്.
ഭവാനിപുരില്‍ മമതയുടെ തൃണമൂല്‍ ആധിപത്യം
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ദക്ഷിണ കോല്‍ക്കത്തയിലെ ഭവാനിപുര്‍ ദീദിക്കൊപ്പമാണ്. മമത ജനിച്ചുവളര്‍ന്നതും എക്കാലവും എംപിയും എംഎല്‍എയുമായി വിജയിച്ചതും ഭവാനിപുരില്തന്നെ.
കോല്‍ക്കത്ത കോര്പറേഷന് പരിധിയിലുള്ള മണ്ഡലത്തില്‍ ബംഗാളികള്‍ മാത്രമല്ല ഗുജറാത്തികളും സിക്കുകാരും സിന്ധികളും മാര്‍വാഡികളും വോട്ടര്‍മാരായുണ്ട്. ചേരികളും അപ്പാര്‍ട്ട്മെന്റുകളും ബംഗ്ളാവുകളുമുള്ള നഗരമണ്ഡലം.
ദീദിയുടെ കാല്‍ക്കീഴിലെ മണ്ണിളകുമോ എന്നറിയാന്‍ ബിജെപി ഭവാനിപുരില്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയെ പോരിനിറക്കിയിരിക്കുന്നു. മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദുവിനെ ബിജെപി 2020ല്‍ അവരുടെ പാളയത്തിലെത്തിച്ചതാണ്. മമതയെപ്പോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് സുവേന്ദുവിന്റെയും തുടക്കം.
കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ സുവേന്ദു നന്ദിഗ്രാം പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് മമതയ്ക്കൊപ്പം നന്ദിഗ്രാമില്‍നിന്ന് എംഎല്‍എയും മന്ത്രിയുമായി.
കോണ്‍ഗ്രസ് നേതാവായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേ മുന്‍പ് വിജയിച്ചിട്ടുള്ള ഭവാനിപുര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. ബിജെപി ഇലക്ഷന് ഓഫീസ് ചാര്ക്കബേരിയ റോഡില്‍ തുറന്നതുതന്നെ കഴിഞ്ഞ മാസമാണ്. മറ്റു പാര്‍ട്ടികള്‍ക്ക് തൃണമൂല്‍ കോട്ടയില്‍ ഓഫീസുകള്‍ ഒന്നുംതന്നെയില്ല. 2021ല്‍ സുവേന്ദുവിനെതിരേ നന്ദിഗ്രാമില്‍ മത്സരിച്ച് 1956 വോട്ടുകള്‍ക്ക് മമത പരാജയം ഏറ്റുവാങ്ങിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തൂത്തുവാരി ഭരണം പിടിച്ചെങ്കിലും നേതാവ് തോറ്റു. 2021ല്‍ ഭവാനിപുരില്‍ 28,719 വോട്ടുകള്‍ക്ക് വിജയിച്ച തൃണമൂലിലെ ശോഭന്ദ്ദേബ് ചതോപാധ്യായയെ രാജിവയ്പ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് മുഖ്യമന്ത്രിസ്ഥാനം തുടര്‍ന്നത്. 2021ലെ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപുരില്‍ മമത വിജയിച്ചത് 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2011, 2016 ലും ദീദിയുടെ വിജയം ഇവിടെനിന്നായിരുന്നു.