ഇരുമ്പനം: ടാങ്കർ ലോറി പണിമുടക്കിനെത്തുടർന്ന് ബിപിസിഎൽ ഇരുമ്പനം ടെർമിനലിൽനിന്നും പമ്പുകളിലേക്കുള്ള ഇന്ധനവിതരണം തടസപ്പെട്ടു.
ലോറികളിൽ ക്ലീനർമാരെ നിയമിക്കുന്നതുമായും ബില്ലിംഗുമായും ബന്ധപ്പെട്ട തർക്കം മൂലം ലോഡ് നിറയ്ക്കാൻ ടാങ്കർ ലോറി ഡ്രൈവേഴ്സ് വർക്കേഴ്സ് യൂണിയനുകൾ തയാറാകാതിരുന്നതോടെയാണ് ഇന്നലെ പമ്പുകളിലേക്കുള്ള ഇന്ധന വിതരണം പൂർണമായും തടസപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്ധന വിതരണം മന്ദഗതിയിലായിരുന്നു. ഞായറാഴ്ച വിതരണമില്ലാത്തതും സമരവും കൂടിയായതോടെ തിരക്കുള്ള പമ്പുകൾ സ്റ്റോക്ക് തീർന്നതിനെത്തുടർന്ന് അടച്ചിടേണ്ട സാഹചര്യമായി.
സ്വന്തമായി ടാങ്കർ ലോറികളുള്ള ഡീലർ പമ്പുകാർക്ക് ഇന്ധനം നിറയ്ക്കാമെന്ന് കമ്പനി അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇന്നലെ ഡീലർ പമ്പുകളിലേക്കുള്ള ഇന്ധന വിതരണവും തടസപ്പെട്ടു. 350 മുതൽ 500 വരെ ലോഡുകളാണ് പ്രതിദിനം ഇരുമ്പനം ടെർമിനലിൽനിന്ന് സംസ്ഥാനത്തെ വിവിധ പമ്പുകളിലേക്കു പോകുന്നത്.
പിന്നീട് ട്രേഡ് യൂണിയൻ നേതാക്കളും കമ്പനി അധികൃതരും തമ്മിൽ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു.