ന്യൂഡൽഹി: 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടില്ലെങ്കിലും സമഗ്ര ശിക്ഷാ പദ്ധതിപ്രകാരം കേരളത്തിന് ഫണ്ട് അനുവദിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്പെഷൽ എഡ്യുക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജിയിലാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്.
2025-26 സാന്പത്തികവർഷത്തിൽ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന് 99.27 കോടി രൂപ ഇതിനോടകം നൽകിയതായി കേന്ദ്രം വ്യക്തമാക്കി. സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തുന്നതിന് പ്രതിവർഷം 358 കോടി രൂപ അധിക സാന്പത്തികബാധ്യത വരുമെന്നും കേന്ദ്രസഹായമില്ലാതെ ഇതു നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നുമുള്ള കേരളത്തിന്റെ വാദത്തിനുള്ള മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണെന്നും സമഗ്ര ശിക്ഷാ ഫണ്ട് ഒരു അധിക സഹായം മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിൽപ്പോലും നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നതിൽ സംസ്ഥാനങ്ങൾക്ക് ഒഴിഞ്ഞുനിൽക്കാനാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
സ്പെഷൽ എഡ്യുക്കേറ്റർമാരുടെ നിയമനം, ശന്പളം, സേവനവ്യവസ്ഥകൾ എന്നിവ പൂർണമായും സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകളും കേന്ദ്രം കോടതിയിൽ ഹാജരാക്കി.
2024-25 വർഷത്തിൽ 420.91 കോടി രൂപ അനുവദിച്ചെങ്കിലും ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ കേന്ദ്രവിഹിതം നൽകാനായില്ല. 2025-26 വർഷത്തേക്ക് 452.05 കോടി രൂപയാണ് അംഗീകരിച്ചിട്ടുള്ളത്. അതിൽ 99.27 കോടി രൂപ നൽകി. മുന്പുള്ള ഗഡുക്കളുടെ വിനിയോഗ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിന് വിധേയമായി മാത്രമേ തുടർന്നുള്ള ഫണ്ട് അനുവദിക്കൂവെന്നും കേന്ദ്രം വ്യക്തമാക്കി.
പിഎം ശ്രീ; കേരളം അപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സ്കൂളുകളെ ചേർക്കാൻ കേരളം അപേക്ഷിച്ചിട്ടില്ലെന്നു കേന്ദ്രം. പിഎം ശ്രീയുമായി ബന്ധപ്പെട്ട സംസ്ഥാനസർക്കാരിന്റെ നടപടിക്രമങ്ങൾ ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന കാര്യവും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. 2025 ഒക്ടോബർ 23ന് പിഎം ശ്രീയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ സംസ്ഥാന സർക്കാരുമായി കേന്ദ്രസർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടു. എന്നാൽ തൊട്ടുപിന്നാലെ ഒക്ടോബർ 28ന് പിഎം ശ്രീയിലെ സ്കൂൾ തെരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിവയ്ക്കണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു.