ന്യൂഡൽഹി: ഏറ്റവും അധികം ആയുധം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ എന്ന് കണക്കുകൾ. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ഗവേഷണം നടത്തുന്ന സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയാണ് (എസ്ഐപിആർഐ) കണ്ടെത്തൽ.
യുക്രയ്നാണ് ഏറ്റവും അധികം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം. ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽനിന്നാണ്. ഫ്രാൻസിൽ നിന്ന് 29 ശതമാനവും ഇസ്രയേലിൽ നിന്ന് 15 ശതമാനവും ഇറക്കുമതി ചെയ്യുന്നു.
2021 നും 25 നും ഇടയിൽ ആഗോള ആയുധ ഇറക്കുമതിയുടെ 8.3 ശതമാനവും ഇന്ത്യയിലേക്കാണ്. അതേസമയം ഇന്ത്യ സ്വന്തമായി ആയുധം വികസിപ്പിച്ചു തുടങ്ങിയതോടെ കഴിഞ്ഞ അഞ്ച് വർഷം ആയുധ ഇറക്കുമതിയിൽ നേരിയ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശകമായി റഷ്യയിൽനിന്നുള്ള ആയുധ ഇറക്കുമതി കുറച്ചെന്നും ഫ്രാൻസ്, ഇസ്രയേൽ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം പാക്കിസ്ഥാൻ ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ 80 ശതമാനവും ചൈനയിൽ നിന്നാണ്.