തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതോടെ തെരഞ്ഞെടുപ്പ് രംഗത്ത് ഇതും ചർച്ചയാക്കാൻ പ്രതിപക്ഷം. ഇപ്പോൾ തന്നെ ശബരിമല സ്വർണക്കൊള്ള വിഷയം കത്തി നിൽക്കുകയാണ്. 2006 മുതൽ കേരളാ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ശബരിമല കേസിന്റെ ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള ഘട്ടമാണ് ഇതെന്ന് പറയാം.
സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിനു മുന്നിൽ ശബരിമല യുവതീപ്രവേശനത്തിൽ ഭരണഘടനാപരമായ വിവേചനമുണ്ടെന്ന് വാദിച്ചാണ് പിണറായി സർക്കാർ ആദ്യം സത്യവാത്മൂലം കൊടുത്തിരുന്നത്. ആ സത്യവാംഗ്മൂലമാണ് ഇപ്പോൾ തിരുത്തി നൽകിയത്. വിശ്വാസത്തിനും ആചാരത്തിനും പ്രാധാന്യം നൽകണമെന്നതാണ് പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പുതിയ നിലപാട്.
2006- ൽ ഐവൈഎൽഎ എന്ന അഭിഭാഷക സംഘടന സുപ്രീംകോടതിയിൽ നൽകിയ ഹർജി മുതലാണ് ശബരിമല പ്രശ്നത്തിന്റെ തുടക്കം. 2007ൽ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചു. എന്നാൽ 2010 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചത്.
2018 -ൽ യുവതീപ്രവേശനത്തിനനുകൂലമായി കോടതിയുടെ ആദ്യ വിധി വന്നു. വിധി വന്ന സമയം മിക്ക രാഷ്ട്രീയ കക്ഷികളും അതിനെ അനുകൂലിച്ചെങ്കിലും പിന്നീട് എൻഎസ്എസ് ഉൾപ്പെടെയുള്ളവരുടെ എതിർപ്പിനെ തുടർന്ന് രാഷ്ട്രീയ കക്ഷികൾ ഓരോന്നായി പിന്മാറി. എന്നാൽ പിണറായി സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലമായ സാഹചര്യമൊരുക്കി.
പിന്നീട് സുപ്രീംകോടതിയുടെ ബെഞ്ചിൽ നിന്നും താൽക്കാലികമായ സ്റ്റേ നടപടി ഉണ്ടായെങ്കിലും വീണ്ടും അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ദേവസ്വം ബോർഡുകൾ ആദ്യഘട്ടത്തിൽ സ്ത്രീപ്രവേശനത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചെങ്കിലും പിന്നീട് അവർ സർക്കാർ നിലപാടിലേക്ക് വന്നു. ഇപ്പോൾ ഗവൺമെന്റും ദേവസ്വംബോർഡും സ്വീകരിച്ചിരിക്കുന്ന നിലപാടും ഒന്നു തന്നെയാണ്.
മാത്രമല്ല വെള്ളിയാഴ്ച കൂടിയ സംസ്ഥാന കമ്മിറ്റിക്കുശേഷം പാർട്ടി സെക്രട്ടറി വളരെ ശ്രദ്ധാപൂർവമാണ് ഇക്കാര്യത്തിലുള്ള അഭിപ്രായം പറഞ്ഞത്. ശബരിമല പ്രശ്നം തണുപ്പിക്കാൻ എൻഎസ്എസിനെയും എസ്എൻഡിപിയെയും കൂടെ നിർത്തിക്കൊണ്ട് അയ്യപ്പ സംഗമം പോലുള്ള വലിയ പ്രചാരണ പരിപാടികളും സർക്കാർ സംഘടിപ്പിച്ചതും വിവാദമായിരുന്നു.
എന്നാൽ പ്രതിപക്ഷ കക്ഷികൾ ആകട്ടെ സർക്കാരിന്റെ ഈ തിരുത്തൽ നിലപാട് തങ്ങളുടെ പോരാട്ട വിജയത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. സുപ്രീംകോടതിയുടെ മുന്നിലുള്ള പരിശോധനാ ഹർജിയിൽ എന്ത് തീരുമാനം ഉണ്ടായാലും ഭക്തർക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമല സ്ത്രീപ്രവേശനം വിധിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും ഒരു രാഷ്ട്രീയ വിഷയമായി തന്നെ തുടരും. ഈ കേസിൽ അകപ്പെട്ട പല ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും ഇപ്പോൾ തന്നെ ഭരിക്കുന്ന പാർട്ടിക്ക് ബാധ്യതയായി മാറി കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ പാർട്ടിയിൽ നിന്നു തന്നെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.