കൊച്ചി: ജിഎസ്ടിക്കു പുറമെയുള്ള വിനോദനികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിസഹകരണ പ്രഖ്യാപനവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്.
ജനുവരി മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഡിസി തിയറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ നല്‍കില്ലെന്ന് സംഘടന കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ പത്തു വര്‍ഷമായി ഇരട്ട നികുതി ഒഴിവാക്കണമെന്നും വൈദ്യുതി താരിഫില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടനസര്ക്കാരിനെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.
2024ല്‍ നിര്‍മാതാക്കളുടെ സംഘടനയുമായി ചേര്‍ന്നു സമരം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ ഉറപ്പിന്മേല് പിന്മാറുകയായിരുന്നു. എന്നാല്‍ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിയറ്ററുകളുമായുള്ള സഹകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ വി. തോമസ് പറഞ്ഞു.
മലയാള സിനിമയുടെ വിജയശതമാനം വര്‍ധിച്ചുവെന്ന് പറയുമ്പോഴും യഥാര്‍ഥ കണക്കുകള്‍ ആശങ്കാജനകമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2025ല്‍ റിലീസ് ചെയ്ത 154 സിനിമകളില്‍ വെറും 10 ശതമാനം സിനിമകള്‍ മാത്രമാണു വിജയിക്കുന്നത്.
ജിഎസ്ടിക്കുപുറമെ വിനോദനികുതികൂടി നല്‍കേണ്ടിവരുന്നത് ഇരട്ട പ്രഹരമാണ്. ഈ ഭീമമായ നഷ്ടം താങ്ങാനാകില്ലെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തിയറ്ററുകളുടെ ബഹിഷ്കരണം സൂചനാസമരം മാത്രണെന്നും സംഘടന മുന്നറിയിപ്പ് നല്കി.