സിനിമയിലെ കൂട്ടുകെട്ടിലൂടെ ശ്രദ്ധനേടിയ നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷായുടെയും സംരംഭമായ ‘ദേ പുട്ട്’ റസ്റ്ററന്റ് ശൃംഖല ഇനി തമിഴ്നാട്ടിലേക്കും.
ചെന്നൈ അണ്ണാ നഗറിൽ ആരംഭിച്ച പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലൻ നിർവഹിച്ചു.
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ഒരു താരസംഗമമായി മാറി. മലയാളത്തിന്റെയും തമിഴിന്റെയും പ്രിയ താരങ്ങളായ ശാരദ, ഷീല, സീമ, രാധിക ശരത്കുമാർ, മീന, കലാമാസ്റ്റർ, ഗായിക സുജാത, സംവിധായകൻ പ്രിയദർശൻ, നടൻ അശോകൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ദിലീപിനൊപ്പം ഭാര്യ കാവ്യ മാധവൻ, മകൾ മഹാലക്ഷ്മി, നാദിർഷാ എന്നിവരും സജീവമായി പങ്കെടുത്തിരുന്നു. സിനിമാലോകത്തെ വൻനിര താരങ്ങളുടെ സാന്നിധ്യം ചെന്നൈയിലെ പുതിയ 'ദേ പുട്ട്' ഔട്ട്ലെറ്റിന്റെ തുടക്കം അടിപൊളിയാക്കി. പരമ്പരാഗതവും ആധുനികവുമായ 124-ലധികം വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് റസ്റ്ററന്റിൽ ഒരുക്കിയിരിക്കുന്നത്.