ന്യൂഡൽഹി: ഒളിച്ചോടിയതായി ആരോപിച്ച് മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് ഭർത്താവിനെ തോളിലേറ്റി നടത്തിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളുടെയും മാധ്യമറിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ഏപ്രിൽ 13ന് നടന്ന സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ജാബുവയിലെ ജില്ലാ മജിസ്ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
രണ്ട് മക്കളുടെ അമ്മയായ മധ്യവയസ്കയായ സ്ത്രീയാണ് മധ്യപ്രദേശിലെ ജാബുവ ജില്ലയിലുള്ള അനധികൃത ആദിവാസി പഞ്ചായത്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി തല മുണ്ഡനം ചെയ്യാനും ഭർത്താവിനെ തോളിലേറ്റി നടക്കാനും വിധിക്കപ്പെട്ടത്. ഇവരുടെ തല മുണ്ഡനം ചെയ്യുന്നതിന്റെയും ഭർത്താവിനെ തോളിലേറ്റി നടക്കുന്പോൾ ഈ സ്ത്രീ ’നിയമം’ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗ്രാമവാസികൾ ഇവരെ വടി കൊണ്ട് തല്ലുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതിനു പിന്നാലെ പോലീസ് സ്ത്രീയെ കണ്ടെത്തുകയും അവർക്ക് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വാർത്താ റിപ്പോർട്ടുകളുടെ ഉള്ളടക്കം ശരിയാണെങ്കിൽ, ഇരകളുടെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ഗുരുതരമായ പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതിനു ശേഷം നിരീക്ഷിച്ചു.