വാഷിംഗ്ടൺ ഡിസി: ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ട ഗർഭസ്ഥശിശുവിനെ നിയമത്തിനുമുന്നിൽ സ്വതന്ത്ര ‘വ്യക്തിയായി’അംഗീകരിച്ച്, അന്യായമായ മരണത്തിന് ചരിത്രപരമായ നഷ്ടപരിഹാര വിധി. ന്യൂ മെക്സിക്കോ സംസ്ഥാന കോടതിയാണ് ആരോപണവിധേയരായ അബോർഷൻ ക്ലിനിക്കിൽനിന്ന് 2,00,000 ഡോളർ (ഏകദേശം 1.92 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ച് കേസ് ഒത്തുതീർപ്പാക്കിയത്.
അമേരിക്കൻ നിയമചരിത്രത്തിൽ ആദ്യമായാണ് ഗർഭച്ഛിദ്രം നടത്തിയ ക്ലിനിക്കിനെതിരേ ഗർഭസ്ഥ ശിശുവിന്റെ ‘അന്യായ മരണം’ ചൂണ്ടിക്കാട്ടി ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകുന്നത്. ‘വാബിംഗ്ടൺ വേഴ്സസ് ബോയ്ഡ്’ എന്ന കേസിൽ കഴിഞ്ഞ ദിവസമാണു കോടതി ഹർജി തീർപ്പാക്കിയത്.
2020ൽ 26 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ അബോർഷനു വിധേയമാക്കുമ്പോൾ അമ്മ കഠിനമായ മെത്താംഫെറ്റമിൻ ലഹരിമരുന്നിന്റെ സ്വാധീനത്തിലായിരുന്നു. ലഹരി ഉപയോഗിച്ച അവസ്ഥയിലുള്ള വ്യക്തിയിൽനിന്ന് ബോധപൂർവമായ സമ്മതം നേടുന്നത് അസാധുവാണെന്ന് പ്രമുഖ അഭിഭാഷകൻ മൈക്ക് സെയ്ബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ അബോർഷൻ കേസുകളിൽ അമ്മമാർക്ക് ഏൽക്കുന്ന പരിക്കുകൾക്കു മാത്രം നഷ്ടപരിഹാരം തേടിയിരുന്ന സ്ഥാനത്ത്, ഇവിടെ അമ്മയും കോടതി നിയമിച്ച പ്രതിനിധിവഴി ഗർഭസ്ഥ ശിശുവിന്റെ എസ്റ്റേറ്റും (കൊല്ലപ്പെട്ട ഗർഭസ്ഥ ശിശുവിന്റെ പേരിൽ കേസ് നടത്തുന്നതിനായി രൂപീകരിച്ച നിയമപരമായ സംവിധാനം) സംയുക്തമായാണ് വാദികളായി കേസ് ഫയൽ ചെയ്തത്. നഷ്ടപരിഹാരത്തുക പിന്നീട് അനന്തരാവകാശ നിയമപ്രകാരം ബന്ധുക്കൾക്കോ അമ്മയ്ക്കോ ലഭിക്കും.
ന്യൂ മെക്സിക്കോയിലെ ‘റോംഗ്ഫുൾ ഡെത്ത് ആക്ട്’ പ്രകാരം ഗർഭസ്ഥശിശുവിനും നിയമപരമായ സംരക്ഷണത്തിനും ജീവിക്കാനും അവകാശമുള്ള വ്യക്തിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വൻ തുക നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ അബോർഷൻ ക്ലിനിക്ക് അധികൃതർ തയാറായതോടെയാണു വിചാരണനടപടികൾ അവസാനിച്ചത്. ഗർഭസ്ഥശിശുവിന് നിയമപരമായ വ്യക്തിത്വവും സംരക്ഷണാവകാശവും ഉറപ്പുവരുത്തുന്നതിൽ ഈ വിധി യുഎസിലെ പ്രോ ലൈഫ് മുന്നേറ്റങ്ങൾക്ക് വലിയ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.