കോഴിക്കോട്: കോഴിക്കോട് മൊകവൂർ കാമ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ കുട്ടിയുടെ സ്വർണ ചെയിൻ ഹൈഡ്രജൻ ബലൂൺ കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഉത്സവത്തിനു കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി.
സ്വർണ ബ്രേസ്‌ലെറ്റിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ഹൈഡ്രജൻ നിറച്ച ബലൂൺ. ഉത്സവ ബഹളത്തിനിടയിൽ എപ്പോഴോ കൈയിലെ ബ്രേസ്‌ലേറ്റിന്‍റെ കൊളുത്ത് അകന്നു. ഇതോടെ സ്വർണ ചെയിനുമായി ഹൈഡ്രജൻ ബലൂൺ ആകാശത്തേക്കു പറന്നു. ബലൂൺ സ്വർണാഭരണവുമായി ഉയർന്നു പോകുന്നതു നോക്കി നിൽക്കാനല്ലാതെ കുടുംബത്തിനും കാഴ്ചക്കാർക്കും മറ്റൊന്നും കഴിഞ്ഞില്ല.
കുടുംബം സ്തംബ്ധരായി നിൽക്കുന്നതിനിടെ ബലൂൺ എവിടേക്കാണ് ഉയർന്നു പോകുന്നതെന്ന് ചിലർ നിരീക്ഷിച്ചു. അകാശത്തേക്ക് ഉയർന്നു പൊങ്ങിയ ബലൂൺ ഒടുവിൽ ഭാഗ്യത്തിനു ക്ഷേത്രപരിസരത്തുള്ള ഒരു വൻ വൃക്ഷത്തിൽ കുടുങ്ങിനിന്നു. കൂറ്റൻ വൃക്ഷത്തിന്‍റെ തലപ്പത്തു കുടുങ്ങിയ ബലൂൺ എങ്ങനെയെടുക്കുമെന്നതായി പിന്നത്തെ പ്രതിസന്ധി. വലിയ കാറ്റു വല്ലതും അടിച്ചാൽ ബലൂൺ വീണ്ടും പിടിവിട്ടു പറക്കുമോയെന്ന ആശങ്ക വേറെ.
ഒടുവിൽ ചുറ്റും കൂടിയ ജനങ്ങൾക്കിടയിൽനിന്നു മൊകവൂർ പാപ്പിനി സന്തോഷ് എന്നയാൾ മരത്തിൽ കയറാൻ തയാറായി മുന്നോട്ടുവന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കി നിൽക്കുന്നതിനിടെ സന്തോഷ് കൂറ്റൻ മരത്തിന്‍റെ തലപ്പത്തേക്കു സാഹസികമായി കയറി.
കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആഭരണവുമായി സുരക്ഷിതമായി തിരികെ ഇറങ്ങി. ഹീറോയെപ്പോലെയാണ് സന്തോഷ് തിരികെ ഇറങ്ങിവന്നത്. കൈയടിയോടെ ആളുകൾ സന്തോഷിനെ സ്വീകരിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും അഭിനന്ദിച്ചു. കണ്ണുനിറഞ്ഞു നന്ദി പറഞ്ഞ ശേഷമാണ് ആ കുടുംബവും മടങ്ങിയത്.