മൂന്നാര്‍: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ മണിക്കൂറുകളോളം സഞ്ചാരികള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. കഴിഞ്ഞദിവസം മൂന്നാര്‍ ടൗണിനടുത്ത് ബൈപാസ് ബ്രിഡ്ജിനു സമീപം മണ്ണിടിച്ചില്‍ ഭീഷണി മൂലം ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് സഞ്ചാരികള്‍ വഴിയിൽ കുരുങ്ങിയത്.
ഈ ഭാഗത്തെ സിഎസ്ഐ പള്ളിക്കു സമീപം വൈദിക മന്ദിരത്തിനു മുമ്പിലുള്ള ഭൂമിയിൽ വിള്ളല്‍ ഉണ്ടായതോടെ കനത്ത മഴ പെയ്താല്‍ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്.
ശനി, ഞായര്‍ ദിവസങ്ങളിലെ ടൂറിസ്റ്റുകളുടെ തിരക്കുംകൂടിയായപ്പോൾ മൂന്നാര്‍ ടൗണ്‍ നിശ്ചലമാകുന്ന അവസ്ഥയിലെത്തി. ഇതുവഴി ആംബുലന്‍സുകള്‍ക്കുപോലും കടന്നു പോകുവാന്‍ വലിയ പ്രയാസം നേരിട്ടു. ഞായറാഴ്ച മൂന്നാറിലെത്തിയ യാത്രക്കാർ ആറു മണിക്കൂറിലധികം കുരുക്കില്‍ കുടുങ്ങി. നിരോധനം ഏര്‍പ്പെടുത്തിയതോടെ വാഹനങ്ങള്‍ ദേവികുളം ഭാഗത്തേക്ക് പോകുന്ന റോഡിലൂടെയാണ് കടത്തിവിടുന്നത്.
എന്നാല്‍, മൂന്നാര്‍ പോലീസ് സ്റ്റേഷന് താഴെയുള്ള ഇടുങ്ങിയ പാലത്തിലൂടെ ഇരുവശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ എത്തുന്നതോടെയാണ് കുരുക്ക് രൂപപ്പെടുന്നത്. ഒരു വാഹനത്തിന് മാത്രമേ പാലത്തിലൂടെ ഒരു സമയം കടക്കാന്‍ കഴിയൂ.
ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ ക്യാമ്പില്‍നിന്ന് എത്തിയിട്ടുള്ള ഉദ്യോഗസ്ഥരും സബ് ഡിവിഷനിലെ മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി രാത്രിയും പകലും പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും കുരുക്ക് വലിയ പ്രശ്നമായി തുടരുകയാണ്.