തൃശൂർ: മികച്ച ആശയങ്ങൾ സംരംഭമാക്കാൻ അവസരംനൽകി കാർഷിക സർവകലാശാല. പിഎം ആർകെവിവൈ പദ്ധതിയിലൂടെ നടപ്പാക്കുന്ന അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
സ്മാർട്ട് കൃഷിരീതികൾ, കാർഷിക ഉത്പാദനത്തിനുള്ള അസംസ്കൃതവസ്തുക്കൾ, പുതിയ മൂല്യവർധിത ഉത്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, മാലിന്യസംസ്കരണ മാർഗങ്ങൾ എന്നിങ്ങനെ പുതുമയുള്ള കാർഷിക ആശയങ്ങളാണു ക്ഷണിക്കുന്നത്. ഇതു കാർഷിക സ്റ്റാർട്ടപ്പുകളാക്കാൻ സർവകലാശാല പിന്തുണയ്ക്കും. സർവകലാശാലയിലെ അഗ്രിബിസിനസ് ഇൻക്യുബേറ്ററിലൂടെയാണ് പദ്ധതിയുടെ സേവനങ്ങൾ നൽകുക.
കെഎയു റൈസ്, കെഎയു പെയ്സ് എന്നീ രണ്ടു പ്രോഗ്രാമുകളിലായി കഴിഞ്ഞ ഏഴുവർഷത്തിൽ 282 സംരംഭകരെയാണ് കെ.എ.യു. റാഫ്താർ അഗ്രിബിസിനസ് ഇൻക്യുബേറ്റർ വളർത്തിയെടുത്തത്. ഇതിൽനിന്നു തെരഞ്ഞെടുത്ത 117 സംരംഭകർക്കു14.23 കോടി രൂപയുടെ ഗ്രാന്റിനുള്ള അനുമതി കേന്ദ്ര കൃഷിമന്ത്രാലയത്തിൽനിന്നു ലഭിച്ചു.
സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും വിദ്യാർഥികൾക്കും നിലവിൽ സംരംഭം തുടങ്ങിയവർക്കും അപേക്ഷിക്കാം. കെഎയു റെയ്സ് 2026 പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയും, പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽനിന്നു തെരഞ്ഞെടുത്തവർക്ക് അഞ്ചു ലക്ഷം രൂപവരെ ഗ്രാന്റും ലഭിക്കും. പുതുമയുള്ള ആശയങ്ങളുള്ള വിദ്യാർഥികൾക്കു നാലുലക്ഷം രൂപവരെ ധനസഹായവും ലഭ്യമാക്കും.
കെഎയു പെയ്സ് 2026 പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രോട്ടോട്ടൈപ്പുകളുടെ വാണിജ്യവത്കരണത്തിനായുള്ള വിദഗ്ധ മാർഗനിർദേശങ്ങളും സാങ്കേതിക സാന്പത്തിക സഹായവും 15 ദിവസത്തെ അധിക ഇൻക്യുബേഷൻ വർക്ക്ഷോപ്പും അഗ്രിബിസിനസ് ഇൻക്യുബേഷൻ സൗകര്യം ഉപയോഗപ്പെടുത്താനുള്ള അവസരവും ലഭ്യമാകും.
വിവിധ ഘട്ട സ്ക്രീനിംഗുകൾക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്കു പരമാവധി 25 ലക്ഷം രൂപവരെ ഗ്രാന്റും ലഭ്യമാകുമെന്ന് അഗ്രിബിസിനസ് ഇൻക്യുബേറ്റർ മേധാവി ഡോ.കെ.പി. സുധീർ അറിയിച്ചു. വിവരങ്ങൾക്ക്- 9778436265 / 0487 243 8332 / 9497650150/ 9496979543.