ചെന്നൈ: വി.കെ. ശശികലയുടെ പുതിയ പാർട്ടിയെ പരിഹസിച്ച് സഹോദരീപുത്രനും അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവുമായ ടി.ടി.വി. ദിനകരൻ. ഇൻസ്റ്റന്റ് സാമ്പാറും ഇഡ്ഡലിയും പോലെയാണ് പുതിയ പാർട്ടികൾ ഉദയം ചെയ്യുന്നതെന്ന് ദിനകരൻ പരിഹസിച്ചു.
എൻഡിഎയുടെ മുന്നേറ്റത്തെ ഇത് ബാധിക്കില്ലെന്നും ദിനകരൻ പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ. ജയലളിതയുടെ തോഴിയായിരുന്ന ശശികല കഴിഞ്ഞ ദിവസമാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന് അവർ അറിയിച്ചു. പാർട്ടിയുടെ കൊടി പുറത്തിറക്കി.
“അമ്മയുടെ (ജയലളിത) യഥാർഥ അനുയായികൾ ഒരുമിച്ചുനിന്നാൽ സർക്കാർ രൂപവത്കരിക്കുന്നതിൽനിന്ന് അവരെ തടയാൻ ആർക്കും കഴിയില്ല. സംസ്ഥാനത്ത് അമ്മയുടെ ഭരണം സ്ഥാപിക്കും”- ദിനകരൻ പറഞ്ഞു.
ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരൻ. രാമനാഥപുരത്തെ പശുംപൊന്നിൽ ജയലളിതയുടെ ജന്മവാർഷിക സമ്മേളനത്തിലായിരുന്നു ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടി സ്ഥാനാർഥികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാധനക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യത നേരിട്ടതിനാൽ ശശികലയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.