ചെന്നൈ: ദൈനംദിന രാഷ്ട്രീയത്തില്‍നിന്ന് ഏതാനും നാളായി അകന്നുകഴിയുന്ന തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമല വീണ്ടും എന്‍ഡിഎ മുന്നണിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നു. ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തിയതോടെയാണ് അണ്ണാമലയുടെ മനസ് മാറിയത്. നിയമസഭാ ടിക്കറ്റ് ലഭിക്കാത്തതാണു വിട്ടുനില്‍ക്കാന്‍ കാരണമെന്ന അഭ്യൂഹങ്ങള്‍ അണ്ണാമല നിഷേധിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്നാട്ടില്‍ മുഴുവന്‍ പ്രചാരണം നടത്തുകയെന്നതാണു ചുമതലയെന്നും അദ്ദേഹം വിശദീകരിച്ചു.
പാര്‍ട്ടിക്കുള്ളിലെ അഴിച്ചുപണിയില്‍ അണ്ണാമലയ്ക്കു സുപ്രധാനപദവി ലഭിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്.
മുന്‍ ഐപിഎസ് ഓഫീസറായ അണ്ണാമല 2020 ലാണ് ബിജെപിയിലെത്തിയത്. ഏതാനും നാളുകള്‍ക്കുള്ളില്‍ സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകനെ കേന്ദ്രമന്ത്രിയാക്കി അണ്ണാമലയ്ക്കു പാര്‍ട്ടിയുടെ ചുമതല നല്‍കുകയായിരുന്നു. ദ്രാവിഡരാഷ്ട്രീയത്തിന്റെ തട്ടകമായ തമിഴ്നാട്ടില്‍ ചടുലമായ നീക്കങ്ങളിലൂടെ ബിജെപിക്കു വേരോട്ടമുണ്ടാക്കാനായിരുന്നു അണ്ണാമലയുടെ നീക്കം. സ്റ്റാലിന് സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചുള്ള ഡിഎംകെ ഫയല്‍ ഉള്‍പ്പെടെ അണ്ണാമലയെ ബിജെപിയിലെ എതിരില്ലാത്ത നേതാവാക്കി.
എന്നാല്‍, സി.എന്‍. അണ്ണാദുരെ, മുന്‍മുഖ്യമന്ത്രി ജെ.ജയലളിത എന്നിവരെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടെ എന്‍ഡിഎ സഖ്യകക്ഷിയായ അണ്ണാഡിഎംകെയില്‍നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം പിരിയുകയും ചെയ്തു. ബിജെപിയെ വളര്‍ത്താന്‍ നിയോഗിച്ച അണ്ണാമലയെ ഇതോടെ ബിജെപി നേതൃത്വം അവഗണിച്ചു.
എഐഎഡിഎംകെ നേതാവ് ഇടപ്പാടി പളനിസ്വാമിയുടെ നിര്‍ദേശപ്രകാരം അണ്ണാമലയെ നീക്കി നൈനാര്‍ നാഗേന്ദ്രനെ ബിജെപി അധ്യക്ഷനാക്കുകയും ചെയ്തു. ഇതിനുശേഷമാണ് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയോടെ അണ്ണാമല താരപ്രചാരകനായി പുനരവതരിക്കുകയായിരുന്നു.27 സീറ്റുകളിലാണ് ബിജെപി ജനവിധി തേടുന്നത്.