അടുത്തകാലത്തെ ചില സുപ്രധാന സുപ്രീംകോടതിവിധികളുടെ പ്രത്യേകതകളും അവയുടെ പ്രത്യാഘാതങ്ങളുമാണ് ഈ ലേഖനത്തിൽ. ബലാത്സംഗത്തിനിരയായ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭസ്ഥശിശുവിനെ നശിപ്പിക്കാൻ അനുവദിച്ചുകൊണ്ട് 2026 ഏപ്രിലിൽ പുറപ്പെടുവിച്ചതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കോടതിവിധികളിൽ അവസാനത്തേത്. ഭ്രൂണഹത്യ അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും നടത്തിയ നിരീക്ഷണങ്ങളും പരാമർശങ്ങളും ഏറെ ആശങ്കകളും ചോദ്യങ്ങളും ഉയർത്തുന്നു.
കേന്ദ്രസർക്കാരിനുവേണ്ടിയും എയിംസിനുവേണ്ടിയും ഭ്രൂണഹത്യയെ എതിർത്തുകൊണ്ട് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യഭാട്ടി, 30 ആഴ്ചപ്രായമായ ജീവനെ ഭ്രൂണഹത്യ നടത്തിയാൽ പെണ്‍കുട്ടിക്കു സംഭവിക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്.
30 ആഴ്ചയായ ഭ്രൂണം ജീവനക്ഷമതയുള്ളതാണ് (Viable). ഈ പ്രായത്തിൽ കുഞ്ഞിനെ നശിപ്പിച്ചാൽ പെണ്‍കുട്ടിക്ക് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉറപ്പായും ദീർഘനാൾ അനുഭവിക്കേണ്ടിവരും എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ഏതാനും ആഴ്ചകൾകൂടി കാത്തിരുന്നാൽ കുഞ്ഞിനെ പ്രസവിച്ചശേഷം ദത്തു നൽകുകയും പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുകയും ചെയ്യാം എന്ന നിർദേശമാണ് ഭാട്ടി കോടതിക്കു മുന്നിൽ വച്ചത്.
യഥാർഥത്തിൽ 28 ആഴ്ചപ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചാൽ 80% കുഞ്ഞുങ്ങളും ജീവിക്കുമെന്നും 32 ആഴ്ച പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചാൽ 90% കുഞ്ഞുങ്ങളും ഇന്ത്യയിൽ ജീവിക്കുമെന്നാണ് ഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റൽ മേധാവി ഡോ. അബ മജുംദാർ പറയുന്നത്. അതേസമയം, കോടതിയെ സംബന്ധിച്ച് പെണ്‍കുട്ടി അനുഭവിച്ച ബലാത്സംഗം എന്ന ക്രൂരവും പൈശാചികവുമായ തിന്മയ്ക്കുള്ള ഒരേയൊരു പ്രതിവിധി 30 ആഴ്ചപ്രായമുള്ള ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കനായ ഒരു കുഞ്ഞിനെ കൊല്ലുകയെന്ന അതിക്രൂരവും ഭയാനകവുമായ മാർഗം മാത്രമാണ്.
കോടതിയുടെ നിരീക്ഷണങ്ങളും അതുയർത്തുന്ന ആശങ്കകളും
ബലാത്സംഗത്തിനിരയായി ഗർഭിണിയായ 15 വയസുകാരി പെണ്‍കുട്ടി അനുഭവിക്കുന്ന മാനസികവും ശാരീരികവും സാമൂഹ്യവുമായ എല്ലാ ബുദ്ധിമുട്ടുകളും പരിഗണിച്ച് ഗർഭധാരണവുമായി മുന്നോട്ടു പോകാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി കർശന നിലപാട് എടുക്കുന്നുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഒരാളുടെ അടിസ്ഥാനാവകാശമാണ്. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവകാശവും സ്വന്തം ശരീരത്തിന്മേലുള്ള അവകാശവും പ്രത്യുത്പാദന അവകാശവുമെല്ലാം അന്തസോടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശമായ ആർട്ടിക്കിൾ 21ന്റെ ഭാഗമാണെന്ന് പല കോടതിവിധികളും വ്യക്തമാക്കിയിട്ടുള്ളതാണ്.
കിരാതവും അധാർമികവുമായ ഭ്രൂണഹത്യാ നിയമം, MTP Act എന്ന പേരിൽ 1971 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. 24 ആഴ്ച വരെ പ്രായമുള്ള കുഞ്ഞുങ്ങളെ വളരെ പ്രത്യേകമായ സാഹചര്യത്തിൽ മാത്രം ഭ്രൂണഹത്യക്കു വിധേയമാക്കാൻ ഈ നിയമം അനുവാദം നല്കുന്നു. എന്നാൽ, സുപ്രീംകോടതിയുടെ പുതിയ വിധിപ്രകാരം സ്ത്രീയുടെ പ്രത്യുത്പാദന അവകാശവും ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യവും ഭരണഘടനാവകാശമാകയാൽ 24 ആഴ്ച എന്ന പരിമിതിയെ മറികടന്ന് 30 ആഴ്ച പ്രായമായ കുഞ്ഞിനെ കൊല്ലാൻ പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും അനുവദിക്കാം.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും അഭിമാനത്തെയും ഭാവിയെയും കരുതി നിയമത്തിന്റെ എല്ലാ പരിധികളും മറികടന്ന് പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സ്വതന്ത്രമായ തീരുമാനം നടപ്പിലാക്കണമെന്നാണ് കോടതിവിധി.
ഭ്രൂണഹത്യ അനുവദിച്ചുകൊണ്ടു കോടതി നടത്തിയ മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണം അനാവശ്യമായ ഗർഭധാരണം അവസാനിപ്പിക്കാൻ നിയമം അനുവദിക്കാതിരിക്കുകയും ഗർഭം നിർബന്ധമായും തുടരേണ്ട സാഹചര്യമുണ്ടാകുകയും ചെയ്താൽ അനധികൃതമായി പ്രവർത്തിക്കുന്ന അബോർഷൻ സെന്ററുകളുടെ സഹായത്തോടെ ഭ്രൂണഹത്യ ചെയ്യുന്ന അവസ്ഥയുണ്ടാകാമെന്നാണ്.
അത്തരം സുരക്ഷിതമല്ലാത്ത ഭ്രൂണഹത്യകളിലൂടെ അമ്മയുടെ ജീവൻതന്നെ അപകടത്തിലാകുകയും ചെയ്യും. കൂടാതെ, ഇതുപോലെ നിയമം അനുവദിക്കാത്ത സാഹചര്യങ്ങളിലെല്ലാം അനധികൃതവും സുരക്ഷിതവുമല്ലാത്ത ഭ്രൂണഹത്യകൾ വർധിക്കാനുമിടയുണ്ട്. കോടതിയുടെ ഇത്തരം വിചിത്രമായ നിരീക്ഷണങ്ങളുടെ യുക്തിക്കനുസരിച്ച് എത്ര വലിയ തെറ്റും നിയമപരമാക്കിക്കഴിഞ്ഞാൽ അവ അനധികൃതമായി ചെയ്യുന്നത് ഒഴിവാക്കി എല്ലാ കുറ്റകൃത്യങ്ങളും നിയമപരമായി ചെയ്യാനുള്ള വഴികൾ തുറക്കാവുന്നതാണ്.
കുറ്റകരവും അധാർമികവുമെന്ന് ഇതുവരെ കരുതിയിരുന്ന പലതും അങ്ങനെയല്ലെന്നു വിധിക്കുന്നതും അവ നിയമപരമാക്കുന്നതും (ഉദാഹരണമായി ഐപിസി 309 ആത്മഹത്യ കുറ്റകരമല്ലാതാക്കിയത് മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017; അതുപോലെ 2018ൽ ഐപിസി 377 റദ്ദാക്കി സ്വവർഗഭോഗം കുറ്റകരമല്ലാതാക്കിയത്; 2018ൽ തന്നെ ഐപിസി 497റദ്ദാക്കി വ്യഭിചാരം കുറ്റകരമല്ലാതാക്കിയത്) കുറ്റകരമായിരുന്നതിനെ കൂടുതൽ ഉദാരവത്കരിക്കുന്നതുമെല്ലാം ഈ നാളുകളിൽ (ഉദാഹരണമായി പരോക്ഷ ദയാവധം 2018ൽ നിയമപരമാക്കിയതും ഭ്രൂണഹത്യാനിയമം ആദ്യം 20ഉം പിന്നീട് 24ഉം ഇപ്പോൾ 30 ആഴ്ചയായ കുഞ്ഞിനെയും കൊല്ലാമെന്നതരത്തിൽ ഉദാരവത്കരിച്ചതും) നമ്മുടെ നാട്ടിലെ പുതിയ ലോജിക്കും ഭരണഘടനാവകാശങ്ങളുമാണ്.
ഭ്രൂണഹത്യാ നിയമത്തിലും അതുപോലെയുള്ള അധാർമിക നടപടികൾക്കുള്ള നിയമനിർമാണത്തിലും ഇന്നത്തെ കോടതികൾ പലപ്പോഴും പരിഗണിക്കുന്ന ഏറ്റവും പ്രധാന മൂല്യം വ്യക്തിയുടെ സ്വാതന്ത്ര്യം, ശരീരത്തിന്മേലുള്ള അവകാശം, പ്രത്യുത്പാദന അവകാശം തുടങ്ങിയവയാണ്. ഉദരത്തിലുള്ള കുഞ്ഞിന്റെ പദവിയെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ യാതൊരു തരത്തിലുമുള്ള പരാമർശവുമില്ല. കോടതികൾക്കും നിയമനിർമാണ സംവിധാനങ്ങൾക്കും മനുഷ്യജീവന്റെ ഉത്ഭവത്തെക്കുറിച്ചും ഗർഭസ്ഥശിശുവിന്റെ അവകാശങ്ങളെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടെന്നതും ഈ വിധികളിൽനിന്നു വ്യക്തമാണ്.
ഒഴിവാക്കേണ്ട അപകടകരമായ തെറ്റിദ്ധാരണകൾ
ലോകത്തിലുള്ള എല്ലാ ജീവശാസ്ത്ര ഗ്രന്ഥങ്ങളും മനുഷ്യജീവന്റെ തുടക്കത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും സംശയലേശമെന്യേ പഠിപ്പിക്കുന്ന വസ്തുതയാണ് മനുഷ്യജീവൻ ആരംഭിക്കുന്നത് അണ്ഡവും ബീജവും സംയോജിക്കുന്ന സമയം മുതലാണെന്നത്.
പുതിയ മനുഷ്യജീവൻ അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ലെന്നും ജനിതകപരമായും പ്രായോഗികമായും സ്വതന്ത്രമായി വളർന്നു പക്വത പ്രാപിക്കാൻ കഴിവുള്ള മനുഷ്യനാണെന്നുള്ളതും മറ്റൊരു ശാസ്ത്രസത്യമാണ്. ഗർഭസ്ഥശിശുവും നവജാതശിശുവും ഒരേ ജീവനാണെന്നും ഒരേ ആളാണെന്നും അതായിരിക്കുന്ന സ്ഥലത്തിലും പേരിലും മാത്രമേ വ്യത്യാസമുള്ളുവെന്നും ഈ കോടതികളോടും നിയമസംവിധാനങ്ങളോടും ആരാണു പറഞ്ഞു മനസിലാക്കുക?
മറ്റൊരു പ്രധാന തെറ്റിദ്ധാരണ ഭ്രൂണഹത്യ സ്ത്രീയുടെ അവകാശമാണെന്നും അവളുടെ ശരീരത്തിന്റെ ഭാഗമായ ഭ്രൂണത്തെ ഉദരത്തിലെ ജീവനെ അവളുടെ സ്വാതന്ത്ര്യവും സൗകര്യവുമനുസരിച്ച് ഇഷ്ടമുള്ളതുപോലെ കൈകാര്യം ചെയ്യാമെന്നതുമാണ്. My body My choice എന്നത് ഭ്രൂണഹത്യാവാദികളുടെ ഏറ്റവും ശക്തമായ മുദ്രാവാക്യമാണ്. ഗർഭസ്ഥശിശു അമ്മയുടേതിൽനിന്നു വ്യത്യസ്തമായ ഒരു ജീവനാണെന്നും അമ്മയുടെ ശരീരത്തിന്റെ ഉള്ളിലാണെങ്കിലും ശരീരത്തിന്റെ ഭാഗമല്ലെന്നതും ഒരു സത്യമാണ്.
അല്ലെങ്കിൽ അമ്മയ്ക്ക് നാലു കാലും നാലു കൈയും വ്യത്യസ്തമായി ചലിക്കുന്ന രണ്ടു ഹൃദയവുമുണ്ടെന്ന് സമ്മതിക്കേണ്ടിവരും. അമ്മയുടെ ശരീരത്തിൽനിന്നു കുഞ്ഞിനു വേണ്ടത് ആവശ്യമായ പോഷണവും സംരക്ഷണവും വളരാൻ ആവശ്യമായ അനുകൂലമായ അന്തരീക്ഷവുമാണ്. എല്ലാ മനുഷ്യജീവനും ആവശ്യമായ ഘടകങ്ങളാണിതെല്ലാം. ഇതെല്ലാം അനുകൂലമായാൽ പൂർണമായും സ്വയം വളരാനാവശ്യമായ ജനിതക സംവിധാനമാണ് ഓരോ ഭ്രൂണത്തിലുമുള്ളത്.
അങ്ങനെയെങ്കിൽ ഒരു ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശത്തിന്റെ മുകളിലല്ല ഒരമ്മയുടെയും പ്രത്യുത്പാദന അവകാശവും ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യവും. മുഷ്ടി ചുഴറ്റാനുള്ള എന്റെ അവകാശം അപരന്റെ മൂക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നതല്ലേ നമ്മുടെ സ്വാതന്ത്ര്യസങ്കല്പം. അപ്പോൾപ്പിന്നെ ഒരു ജീവനെ നശിപ്പിച്ചുകൊണ്ട് വേറൊരാളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ എങ്ങനെയാണ് നിയമം നിർമിക്കാനാവുക. ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശം ലൈംഗികബന്ധത്തിൽ ഏർപ്പെടാനോ ഏർപ്പെടാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമാണ്. എന്നാൽ, ഗർഭം ധരിച്ചുകഴിഞ്ഞാൽ ഭ്രൂണഹത്യയെന്നത് പ്രത്യുത്പാദന അവകാശമല്ല; ഒരു നിഷ്കളങ്ക ജീവനെ ഉദരത്തിൽ വച്ച് കശാപ്പു ചെയ്യാനുള്ള അവകാശമാണ്.
ഭ്രൂണഹത്യയെ സംബന്ധിച്ച മറ്റൊരു പ്രധാന തെറ്റിദ്ധാരണ അത് ആരോഗ്യസംരക്ഷണത്തിനും അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനും വേണ്ടിയാണെന്നുള്ളതാണ്. കണക്കുകൾ പ്രകാരം ലോകത്തു നടക്കുന്ന 95% ഭ്രൂണഹത്യകളും ആരോഗ്യമുള്ള അമ്മമാരും ഗർഭസ്ഥശിശുക്കളും ഉൾപ്പെടുന്നതാണ്. സ്ത്രീയുടെ ഗർഭധാരണം ചികിത്സിച്ചു ഭേദമാക്കേണ്ട ഒരു രോഗാവസ്ഥയല്ല. സ്ത്രീയുടെ സ്ത്രീത്വത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണ്.
സുപ്രീംകോടതിയുടെ അടുത്തകാലത്തെ രണ്ടു വിധികളായ പരോക്ഷ ദയാവധം അനുവദിച്ചതും ഭ്രൂണഹത്യാനിയമം കൂടുതൽ ഉദാരവത്കരിച്ചതുമനുസരിച്ച് ഇന്നത്തെ ഡോക്ടർമാരുടെ പുതിയ ചുമതലയും ഉത്തരവാദിത്വവും മരിക്കുന്നതിനു തൊട്ടുമുൻപ് ഭക്ഷണവും വെള്ളവും നൽകാതെ രോഗിയെ കൊല്ലാനും ജനിക്കുന്നതിനു തൊട്ടുമുൻപ് അമ്മയുടെ അന്തസും അവകാശവും സംരക്ഷിക്കാൻ ഗർഭസ്ഥശിശുവിനെ കൊല്ലാനുമുള്ളതാണ്. ഓരോ ജഡ്ജിയുടെയും ധാർമികബോധമനുസരിച്ച് മനുഷ്യജീവന്റെ മൂല്യവും അന്തസും അവകാശങ്ങളും മാറില്ലെന്ന് നമ്മുടെ ന്യായാധിപരും നിയമസംവിധാനങ്ങളും തിരിച്ചറിയാൻവേണ്ടി നമുക്കു പ്രാർഥിച്ചു കാത്തിരിക്കുകയും ഇത്തരം വിഷയങ്ങളിൽ ബോധ്യവും ജാഗ്രതയുള്ളവരാകുകയും ചെയ്യാം.
(തുടരും)