അരൂർ: അരൂരിൽ തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റു. അരൂർ പഞ്ചായത്തിലെ 23ാം വാർഡിൽ പൂജപ്പൂര പ്രദേശത്താണ് തെരുവുനായ ആക്രമണം നേരിട്ടത്. പഴമ്പള്ളിക്കാവ് ഷൺമുഖൻ (55), തെക്കേ ആഞ്ഞിലിമൂട് സുനിൽ, ഒരു ഇതരസംസ്ഥാന തൊഴിലാളി എന്നിവരെയാണ് നായ ആക്രമിച്ചത്.
സുനിലിനെ അരൂർ സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും മാറ്റി. മിനി ലോറി ഡ്രൈവറായ സുനിൽ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായ കടിച്ചത്. കാലിൽ ആഴത്തിലുള്ള മുറിവുണ്ടായി. ഷൺമുഖന് കാര്യമായ പരിക്കുകളില്ല. കൊച്ചിയിൽ നിന്നെത്തിയ മിഷൻ റാബീസ് സംഘം തെരുവുനായയെ പിടികൂടി നിരീക്ഷണത്തിലാക്കി.