കൊച്ചി: കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. ഡിജെ പാര്‍ട്ടികള്‍ രാത്രി 11ന് തന്നെ അവസാനിപ്പിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി അറിയിച്ചു. ഇതിന് പുറമെ ബാറുകള്‍ രാത്രി 12ന് അടയ്ക്കണമെന്നും എസിപിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
നഗരത്തില്‍ പുലര്‍ച്ചെ വരെ നീളുന്ന ഡിജെ പാര്‍ട്ടികളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പോലീസ് നീക്കം.
ലഹരി മരുന്ന് ഉപയോഗം തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് സമയപരിധി കർശനമാക്കിയത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.