സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ പരിക്കേറ്റ 40 പേരിൽ മൂന്ന് പേർ ഇന്ത്യൻ വിദ്യാർഥികളെന്ന് റിപ്പോർട്ട്. ഇവരിൽ രണ്ടുപേർ ചികിത്സയിലാണ്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
10 വയസുള്ള കുട്ടിയുൾപ്പെടെ 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
അതേസമയം, ആക്രമികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന വിവരം തെലങ്കാന പോലീസ് പുറത്തുവിട്ടിരുന്നു.
27 വർഷം മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഇയാൾക്ക് ഹൈദരാബാദിലെ കുടുംബവുമായി നാമമാത്ര ബന്ധമേ ഉണ്ടായിരുന്നുള്ളൂവെന്ന് തെലങ്കാന ഡിജിപിയുടെ ഓഫിസ് അറിയിച്ചു.
സാജിദ് അക്രം 1998 നവംബറിൽ സ്റ്റുഡന്റ് വീസയിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഇന്ത്യയിലുണ്ടായിരുന്ന കാലയളവില്‍ സാജിദ് അക്രമിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും തെലങ്കാന പോലീസ് പറഞ്ഞു. 27 വര്‍ഷത്തിനിടെ അയാൾ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണെന്നും പോലീസ് വ്യക്തമാക്കി.