ഭോപ്പാൽ: എയിംസിൽ ചികിത്സയിലിരുന്ന മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിക്ക് മരുന്നിന് പകരം നഴ്സുമാർ ഫോർമാലിൻ കുത്തിവെച്ചതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നഴ്സുമാരെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു.
ഇവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്തതാർബുദത്തിന് ചികിത്സയിലിരുന്ന കുട്ടിയുടെ മരണത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ മരുന്ന മാറി കുത്തിവെച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നഴ്സുമാർക്ക് പിഴവ് സ്ഥിരീകരിച്ചത്. രാസവസ്തു രക്തത്തിൽ കലർന്നതോടെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം അതിവേഗം തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ ക്രിമിനൽ അനാസ്ഥയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബയോപ്സി സാമ്പിളുകൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ വച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടത്തി. നഴ്സിംഗ് ഓഫീസറായ അനുക ഗുജറാത്തി ഈ സിറിഞ്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിവെക്കുന്നതിനുപകരം രോഗിയുടെ കിടക്കയ്ക്ക് അരികിലായി വെക്കുകയായിരുന്നു.
ഡിസംബർ പതിനേഴിന് രാവിലെ കുട്ടിയുടെ ഐവി ലൈനിൽ തടസം നേരിട്ടിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മധു ബാല ശർമ എന്ന നഴ്സ് സ്ഥലത്തെത്തുകയും കിടക്കയ്ക്ക് അരികിലുണ്ടായിരുന്ന സിറിഞ്ചിന്റെ ലേബൽ പരിശോധിക്കാതെ കുത്തിവെക്കുകയുമായിരുന്നു.