Kerala
കൊച്ചി: പറവൂരിൽ പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലിസ് കേസെടുത്തു. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.
ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർഎസ്എ 173 "പ്രിയദർശിനി' ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർഥി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു.
തുടർന്ന് "പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പറവൂർ പൊലിസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.
Kerala
കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന പിൻവലിക്കാമെന്ന് കൊച്ചി മുൻ എംഎൽഎ കെ.ജെ. മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നിർമ്മാണ അപാകതയിൽ അന്വേഷണം നടത്തുകയാണെങ്കിൽ സഹകരിക്കും. ഫ്ലാറ്റിലെ പാവങ്ങളായ താമസക്കാരെ സംരക്ഷിക്കണമെന്നാണ് തന്റെ നിലപാടെന്നും മാക്സി പറഞ്ഞു. ഭരണം മാറിയപ്പോൾ താമസക്കാർ ഒതളങ്ങപോലെ തിരിഞ്ഞു എന്നായിരുന്നു മാക്സി കഴിഞ്ഞ ദിവസം പറഞ്ഞത്.
പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിനായുള്ള ശ്രമം നടക്കുമ്പോൾ ഭരണം മാറിയതോടെ സ്ഥിതി മാറി.
നിലവിലുള്ള സർക്കാർ പ്രശ്നങ്ങൾ പരിഹരിക്കണം. നിർമ്മാണ അപാകതകളിൽ സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കെട്ടിടത്തിന്റെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചു വിദഗ്ധ പരിശോധന നടത്തണം. കെട്ടിടം പൊളിച്ചു കളയേണ്ടതാണെങ്കിൽ പൊളിച്ചു കളയണമെന്നും മാക്സി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനെ തടഞ്ഞ് അപമാനിച്ച സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിൽ റിമാൻഡിൽ. മുഖ്യമന്ത്രിയെ മനഃപൂർവം തടഞ്ഞ സംഭവം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിൽ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു ഡിസിസി പ്രസിഡന്റ് പുറത്താക്കി.
വെള്ളിയാഴ്ച ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചതയദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ചേന്തി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് അപമാനിക്കുകയായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെന്പഴന്തി ആശ്രമത്തിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പോകുന്ന വഴിയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. ഇവിടത്തെ പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയെ ചേന്തി അനിൽ വെല്ലുവിളിച്ചു. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ മുഖ്യമന്ത്രിയും ഇദ്ദേഹത്തിനു നേരേ ചൂടായി.
പിന്നീട് രാത്രിയോടെ ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയപ്പോൾ ഇദ്ദേഹം വിവിധ പോലീസ് സ്റ്റേഷനുകളിലായി റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും ജാമ്യം അനുവദിക്കരുതെന്നും പോലീസ് അഭ്യർഥിച്ചു. തുടർന്നു സെപ്റ്റംബർ 11 വരെ ചേന്തി അനിലിനെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടു. അറസ്റ്റിനു പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ, അനിലിനെതിരേ പാർട്ടിതല നടപടിയും സ്വീകരിച്ചു.
മുഖ്യമന്ത്രിയെ പോലുള്ള ഉന്നത നേതാവിനെ ഡിസിസി അംഗം വഴിയിൽ തടഞ്ഞു നിർത്തുകയും വെല്ലുവിളിക്കുകയും ചെയ്തത് ഗുരുതര അച്ചടക്ക ലംഘനമായി കണ്ടാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ പറഞ്ഞു. അതേസമയം, ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തനിയ്ക്കെതിരേ നടപടി സ്വീകരിച്ചതെന്നു ചേന്തി അനിൽ പോലീസ് കസ്റ്റഡിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.എന്നാൽ, മുൻനിര നേതാക്കളോ പാർട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചു രംഗത്ത് എത്തിയില്ല.
കോണ്ഗ്രസിൽ മുഖ്യമന്ത്രി തർക്കം നടക്കവേ രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ശ്രീകാര്യം മേഖലയിൽ ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില് മേക്കപ്പ് ആര്ടിസ്റ്റ് ജാന്മണി അറസ്റ്റില്. മഹിളാ മോര്ച്ച നല്കിയ പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട് സിറ്റി സൈബര് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള് ചുമത്തിയതിനാല് സ്റ്റേഷന് ജാമ്യത്തില് വിട്ടയക്കും.
ജന്തര് മന്തര് സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്മണിയുടെ പരാമര്ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്ശം.
സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന് വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്മണിയുടെ മാപ്പ് പറച്ചില് അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല് തീരില്ലെന്നുമായിരുന്നു മഹിളാ മോര്ച്ചയുടെ നിലപാട്.
National
പനാജി: ഗോവയുടെ മധ്യസ്ഥനായി ആദരിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യുട്യൂബറും സനാതന മഹാസംഘ് സ്ഥാപകനുമായ ഗൗതം ഖട്ടറിനെതിരേ ഗോവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഖട്ടറിന്റെ പ്രസംഗം വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചതിനെത്തുടർന്നാണു നടപടി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വാസ്കോയിൽ നടന്ന ‘ഭഗവാൻ പരശുറാം ജന്മോത്സവ്’ പരിപാടിയിൽ പ്രസംഗിക്കവേയാണ് ഖട്ടർ വിവാദ പരാമർശങ്ങൾ നടത്തിയത്.
സനാതന ധർമ രക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ഗതാഗതമന്ത്രി മൗവിൻ ഗോഡിഞ്ഞോ, ബിജെപി എംഎൽഎമാരായ സങ്കൽപ് അമോങ്കർ, കൃഷ്ണ സാൽക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖട്ടറിന്റെ അധിക്ഷേപം.
വിവാദ പ്രസംഗത്തിലൂടെ ഖട്ടർ ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും മതസൗഹാർദം തകർക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പീറ്റർ ഡിസൂസ നൽകിയ പരാതിയിലാണ് വാസ്കോ പോലീസ് കേസെടുത്തത്. നിലവിൽ ദക്ഷിണ ഗോവ ജില്ലാ പോലീസ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതിഷേധം ശക്തമായതോടെ പരിപാടിയുടെ സംഘാടകരായ സനാതന ധർമ രക്ഷാ സമിതി ഖട്ടറിന്റെ പ്രസ്താവനകളെ തള്ളിപ്പറയുകയും ക്രിസ്ത്യൻ സമൂഹത്തോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.
ഗോവൻ ജനത വണങ്ങുന്ന വിശുദ്ധനെതിരേ അപകീർത്തികരമായ പരമാർശം നടത്തിയ ഗൗതം ഖട്ടറിനെ എത്രയുംപെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് പട്കർ ആവശ്യപ്പെട്ടു. കാലങ്ങളായി തുടരുന്ന സംസ്ഥാനത്തെ സാമുദായികസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ ശക്തമായി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാക്കൾ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിക്കുന്നത് തുടരുകയാണെന്നും ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് ഭരണപരാജയം മറയ്ക്കാനാണു ബിജെപി സർക്കാരിന്റെ ശ്രമമെന്നും സൗത്ത് ഗോവ എംപിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസ് ആരോപിച്ചു. സംസ്ഥാനം ഏറെ ആദരവോടെ വണങ്ങുന്ന വിശുദ്ധനെതിരേയുണ്ടായ വിവാദപ്രസ്താവനയിൽ ഗോവ അതിരൂപത പ്രതിഷേധം രേഖപ്പെടുത്തി.
Kerala
കോട്ടയം: മതമേലധ്യക്ഷന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള നിലപാട് കേരള രാഷ്ട്രീയത്തിന് ഗുണകരമല്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ.
രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുവേണ്ടി ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ വിവാദങ്ങളിലേക്ക് വലിച്ചിടാനുള്ള ശ്രമത്തോട് ആരും യോജിക്കില്ലെന്നും മലയാളിയെ മലയാളം പഠിപ്പിക്കുന്നതിന് മുന്കൈയെടുത്ത ദീപികയ്ക്ക് എതിരായുള്ള നീക്കം കേരള സംസ്കാരത്തിന് യോഗ്യമല്ലെന്നും അദേഹം പറഞ്ഞു.
മാധ്യമപ്രവര്ത്തനത്തെ ഭീഷണിപ്പെടുത്തി ദുര്ബലമാക്കാന് ശ്രമിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും കൂട്ടിചേര്ത്തു.
National
ബംഗളൂരു: കന്നഡ നടൻ ദർശന്റെ ഭാര്യയെയും കുടുംബത്തെയും കുറിച്ച് അശ്ലീലവും അധിക്ഷേപകരവുമായ ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകക്കേസിൽ ജയിലിൽ കഴിയുകയാണ് ദർശൻ.
ബംഗളൂരുവിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ചന്ദ്രശേഖർ (45), ദാവനഗെരെ സ്വദേശിയായ സോഫ്റ്റ്വേർ എൻജിനിയർ നിതിൻ (31) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ 24ന് ദർശന്റെ ഭാര്യ വിജയലക്ഷ്മി സൈബർ പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദ് അറസ്റ്റിൽ. വണ്ടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര് സ്വദേശി വി .അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.