ന്യൂഡൽഹി: പേറ്റന്റുള്ള കാൻസർ മരുന്നുകളുടെ അമിതവിലയുടെ കാര്യത്തിലും സാധാരണക്കാർക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. സമാന വിഷയത്തിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജി തീർപ്പാക്കാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ.
കേന്ദ്രസർക്കാരിൽനിന്ന് സുപ്രീംകോടതി പ്രതികരണം തേടി. നാല് വർഷമായി തീർപ്പാകാതെ കിടക്കുന്ന കേസ് അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി കേരള ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ ഈ കേസ് അന്തിമവാദത്തിനായി മാത്രം 57 തവണ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടും തീരുമാനമാകാത്തതിനാലാണ് സ്വമേധയാ ഇടപെടേണ്ടി വന്നതെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
സ്തനാർബുദ ചികിത്സയ്ക്കുള്ള റിബോസിക്ലിബ് എന്ന മരുന്ന് കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ പേറ്റന്റ് നിയമത്തിലെ സെക്ഷൻ 100 പ്രകാരം സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് 2022ലാണ് ഒരു രോഗി കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, സ്തനാർബുദം ദേശീയ അടിയന്തരാവസ്ഥയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ തുടർനടപടി സ്വീകരിച്ചില്ല. പൊതുജനങ്ങളുടെ നന്മയ്ക്കായി അല്ലെങ്കിൽ ദേശീയ സുരക്ഷ മുൻനിർത്തി ഏതൊരു പേറ്റന്റ് ഉത്പന്നവും സാങ്കേതികവിദ്യയും പേറ്റന്റ് ഉടമയുടെ അനുമതിയില്ലാതെതന്നെ ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന് പ്രത്യേക അധികാരം നൽകുന്നതാണ് പേറ്റന്റ് നിയമത്തിലെ സെഷൻ 100.
നിയമപോരാട്ടത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ ഹർജിക്കാരി മരിച്ചെങ്കിലും വിഷയം പൊതുതാത്്പര്യമുള്ളതാണെന്നു കണ്ട് ഹൈക്കോടതി സ്വമേധയാ കേസ് തുടരുകയായിരുന്നു. കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയും വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകൾ തേടുകയും ചെയ്തെങ്കിലും അന്തിമവിധി ഉണ്ടായില്ല.
മരണപ്പെട്ട ഹർജിക്കാരിയുടെ ഭർത്താവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ വിഷയം രാജ്യവ്യാപകമായി വലിയ പ്രാധാന്യമുള്ളതാണെന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം ജീവൻരക്ഷാ മരുന്നുകളും പേറ്റന്റ് സംരക്ഷണത്തിലായതിനാൽ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിലയാണെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് ഉത്പാദിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ടായിട്ടും 2005നുശേഷം ഒറ്റത്തവണ മാത്രമാണ് അത് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ ർത്തു. വരുംദിവസങ്ങളിൽ വിഷയത്തിൽ സുപ്രീംകോടതി കൂടുതൽ വാദം കേൾക്കും.