തിരുവനന്തപുരം: ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച അതുല്യയായ സംഗീതജ്ഞയായിരുന്നു ആശ ഭോസ്ലെയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന അപൂർവ ബഹുമതിക്ക് ഉടമയായ അവർ ലോക സംഗീതരംഗത്തെ തന്നെ അസാമാന്യ പ്രതിഭയായിരുന്നു.
ഏഴ് പതിറ്റാണ്ടിലധികമായി 20 ലേറെ ഭാഷകളിൽ പാടിയ ആശ ഭോസ്ലെയുടെ സ്വരശുദ്ധിയും ഉച്ചാരണ ഭംഗിയും ആലാപന തെളിമയും ഏവരുടെയും മനസിൽ തങ്ങിനിൽക്കും. ഭജൻ പാടുന്ന അതേ അർപ്പണബോധത്തോടെ പോപ്പും ഖവ്വാലിയും നാടോടി സംഗീതവും അവർ ആലപിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യൻ യുവതലമുറയെ സംഗീതംകൊണ്ട് ഭ്രമിപ്പിച്ചു.
ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോട് പൊരുതിയും വ്യക്തിജീവിതത്തിലെ തിരിച്ചടികളിൽ തളരാതെയുമാണ് ആശ ഭോസ്ലെ സംഗീത ലോകത്തെ ശ്രദ്ധേയ വ്യക്തിത്വമായത്. ഇന്ത്യ കണ്ട പ്രമുഖരായ സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ചു. മലയാളത്തിനുവേണ്ടി ഒരേ ഒരു ഗാനമേ പാടിയിട്ടുള്ളൂവെങ്കിലും ആശാജിയുടെ അന്യഭാഷാഗാനങ്ങളെ നെഞ്ചേറ്റിയവരാണ് മലയാളികളെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.