ന്യൂഡൽഹി: മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം. പരാതിയുമായെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
കെ.സി.വേണുഗോപാൽ, ജയറാം രമേശ്, സച്ചിൻ പൈലറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരാതി നൽകാനെത്തിയ ജയറാം രമേശിനെ പോലീസ് ആദ്യം ഗേറ്റിൽ തടഞ്ഞുനിർത്തി. ആരെയും അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ.
പിന്നാലെ കെ.സി.വേണുഗോപാലും സച്ചിൻ പൈലറ്റും സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. എന്തുകൊണ്ട് തങ്ങളെ അകത്തേക്ക് കടത്തിവിടുന്നില്ലെന്ന് ചോദിച്ച് കെ.സി.വേണുഗോപാൽ പോലീസുമായി ശക്തമായ തർക്കത്തിലേർപ്പെട്ടു. പരാതിക്കത്ത് ഉയർത്തിക്കാട്ടിയായിരുന്നു നേതാക്കളുടെ പ്രതിഷേധം.
പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും നേതാക്കളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും കോൺഗ്രസ് സംഘം വഴങ്ങിയില്ല. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി പോലീസ് ചർച്ച നടത്തുകയും രണ്ട് നേതാക്കളെ അകത്തേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു.
ഒരു മണിക്കൂറിലധികം നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയ ശേഷമാണ് അവിടെനിന്ന് മടങ്ങിയത്. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.