മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തത്തിനിടയിൽ ജോലിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കെതിരെയുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്ളോഗർ നിസാം. തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നിസാം വ്യക്തമാക്കി. ഇനി ഇത്തരം പ്രവർത്തികൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണിടിച്ചിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ചെളിയിൽ വീണ് അദ്ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവർത്തകന്റെ ദൃശ്യങ്ങൾ കാണിച്ച്, അദ്ദേഹത്തെ അവിടെത്തന്നെ മണ്ണിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് നിസാം സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഈ പരാമർശം വലിയതോതിൽ സൈബർ ഇടങ്ങളിലും പുറത്തും വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ (KUWJ) മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ദുരന്തമുഖത്ത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി വാർത്തകൾ ശേഖരിക്കുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം ആക്രമണ ആഹ്വാനങ്ങൾ നടത്തിയത് നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. പോലീസ് നടപടിക്ക് സാധ്യതയേറിയതോടെയാണ് നിസാം മാപ്പുമായി രംഗത്തെത്തിയത്