തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാര്‍ അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ ചാടിയ ആര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി.
സ്‌കൂബ സംഘത്തിന്‍റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ശരണ്യ റിസര്‍വോയറില്‍ ചാടിയത്.
സ്ഥലം മാറ്റം കിട്ടാത്തതുകൊണ്ടുള്ള ജോലി സമ്മര്‍ദവും മനോവിഷമവുമാണ് ശരണ്യ ജീവനൊടുക്കാന്‍ കാരണമെന്നാണു ഭര്‍ത്താവ് സിരില്‍ പോലീസിനോടു പറഞ്ഞത്.
ഭര്‍ത്താവിന്‍റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ശരണ്യ ജീവനൊടുക്കിയതെന്നാണു പോലീസ് പറയുന്നത്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ഇവരെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നു നാട്ടുകാരും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവിനെതിരെ ശരണ്യ മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. പതിനൊന്നു മാസം മുന്‍പാണ് തമ്പാനൂര്‍ ആര്‍ടി ഓഫീസില്‍ ശരണ്യ ജോലിക്കു ചേര്‍ന്നത്.