തിരുവനന്തപുരം: ഒന്നിടവിട്ട ദിവസങ്ങളിൽ ശബരിമലയിൽ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കഴിഞ്ഞ രണ്ടു മുതൽ കേരള സദ്യ നൽകാനായിരുന്നു തീരുമാനം.
എന്നാൽ സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും നൽകുക. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പും.
ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മീഷണറെ വെള്ളിയാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗം ചുമതലപ്പെടുത്തി. നിലവിലുള്ള ടെൻഡറിനുള്ളിൽ തന്നെ സാധനങ്ങൾ വാങ്ങുന്നതിനാൽ നിയമപ്രശ്നമില്ലെന്നും ഒമ്പതു കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.