തിരുവനന്തപുരം: ചൂട് വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി.
മേയ് 20 വരെയാണ് ക്രമീകരണം. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചു.
1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദീന്‍ ഉത്തരവിട്ടു.