വടക്കാഞ്ചേരി: 19 പേരുടെ ജീവനപഹരിച്ച കുറാഞ്ചേരി മഹാദുരന്തത്തിന്റെ എട്ടാം വാർഷികദിനത്തിൽ നാട് വിട പറഞ്ഞ പ്രിയപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമപ്പൂക്കളർപ്പിച്ചു. 19 നിലവിളക്കുകളുടെ ദീപപ്രഭയിൽ അവർ ജ്വലിച്ചു.
2018 ലെ സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് അന്തിയുറങ്ങാൻ കിടന്നവർ ഒരിക്കലും തിരികെവരാത്ത ലോകത്തേക്ക് വിടപറഞ്ഞ് പോയത് ഇന്നും നാടിന് നൊമ്പരമാണ്.
അപ്രതീക്ഷിതമായി മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പടെ 19 പേരാണ് ഇവിടെ വിധിക്കുകീഴടങ്ങിയത്.
കുറാഞ്ചേരി സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഒരുക്കിയ പ്രിയപ്പെട്ടവരുടെ ഛായാചിത്രങ്ങളിൽ ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പടെയുള്ളവർ പുഷ്പാർച്ചന നടത്തി.
ചടങ്ങ് കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. അനുസ്മരണപ്രഭാഷണങ്ങളും നടത്തി.
നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ, വൈസ് ചെയർമാൻ പി.എൻ. സുരേന്ദ്രൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്് ശാന്ത ഉണ്ണികൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് എസ്എഎ ആസാദ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.