എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം ഏഴ് വർഷം പിന്നിടുന്പോഴും ഇരകളായവരുടെ മനസുകളിൽ ഉണങ്ങാത്ത മുറിവായി ദുരന്ത സ്മരണകൾ.
2019 ഓഗസ്റ്റ് എട്ടിനാണ് 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ ദുരന്തം നാടിനെ വിഴുങ്ങിയത്. മലയോര മേഖലയായ പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ, പാതാർ കുടിയേറ്റ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തിലായിരുന്നു അന്ന് മഹാദുരന്തം നടന്നത്.
കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി താഴ്വാരത്ത് അധിവസിച്ചിരുന്ന 45 ലധികം വീടുകളാണ് മണ്ണിനടിയിലായത്.
രാത്രി എട്ടിനുണ്ടായ ദുരന്തത്തിൽ വീടുകളിൽനിന്ന് ഓടി രക്ഷപ്പെടാൻ പോലുമാകാതെ 59 ജീവനുകൾ മുത്തപ്പൻകുന്നിന്റെ വിരിമാറിൽ പുതഞ്ഞുപോയി. സകല സംവിധാനങ്ങളും അവതാളത്തിലായതിനാൽ പിറ്റേന്ന് രാവിലെ പത്തോടെയാണ് രക്ഷാപ്രവർത്തകർക്ക് പോലും പ്രദേശത്ത് എത്തിപ്പെടാനായത്.
രക്ഷാപ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയായി ഇരുപത് ദിവസത്തോളം നീണ്ട മണ്ണുമാന്തിയുള്ള തെരച്ചിലിനൊടുവിൽ 48 മൃതദേഹങ്ങൾ കണ്ടെടുക്കാനായി. എന്നാൽ പതിനൊന്ന് ജീവനുകൾ മുത്തപ്പൻകുന്നിന്റെ മടിത്തട്ടിൽ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും അംഗങ്ങൾ പോലും ദുരന്തത്തിനിരകളായി.
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവിട്ടുപോയ ഉറ്റവരുടെയും ഉടയവരുടെയും വേർപാടുകൾ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ തോരാക്കണ്ണീരിന് കാരണമായി. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും, സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടവും മണ്ണിനടിയിൽ തകർന്നടിഞ്ഞപ്പോൾ ജീവൻ തിരിച്ചുകിട്ടിയത് കുറച്ചു പേർക്ക് മാത്രം.
കവളപ്പാറ ഉൗരിലേതടക്കം 45 വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. ജീവൻ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങി വീട് നിർമിക്കാൻ പത്ത് ലക്ഷവും വീതം സർക്കാർ ധനസഹായം നൽകി. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കായി പോത്തുകല്ലിൽ 24 വീടുകൾ സർക്കാർ നിർമിച്ച് നൽകി.
പ്രമുഖ വ്യവസായി എം.എ. യൂസഫലി 33 വീടുകൾ ദുരന്ത ബാധിതർക്ക് നിർമിച്ചുനൽകി. കവളപ്പാറ ഉൗരിലെ 27 കുടുംബങ്ങൾക്ക് ഉപ്പട ആനക്കല്ലിൽ സർക്കാർ ധനസഹായത്തോടെ വീടുകൾ പണിതു നൽകി. ദുരന്തം നടന്ന് നാല് വർഷം പൂർത്തിയായപ്പോഴാണ് പുനരധിവാസം സാധ്യമായത്. വിവിധ സന്നദ്ധ സംഘടനകളും കവളപ്പാറ ദുരന്ത ബാധിതർക്ക് വീടുകൾ നിർമിച്ച് നൽകിയിരുന്നു.
അപകടസാധ്യത മേഖലയായി ജിയോളജി വിഭാഗം ഈ പ്രദേശത്തെ പ്രഖ്യാപിച്ചതിനാൽ ഇവിടെനിന്ന് മാറിപ്പോകേണ്ടിവന്ന കുടുംബങ്ങൾക്കും സർക്കാർ ധനസഹായം നൽകി. ഇതോടൊപ്പം പാതാർ, ഗർഭംകലക്കിമലകളിലെ ഉരുൾപൊട്ടലിൽ ഇഴുവാത്തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പത്തോളം വീടുകൾ തകരുകയും പാതാർ ടൗണ് നാമാവശേഷമാകുകയും ചെയ്തിരുന്നു. ദുരന്തത്തിനിരകളായവർ പോത്തുകൽ, എടക്കര, ചുങ്കത്തറ, വണ്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇപ്പോൾ അധിവസിക്കുന്നത്.
ചിലർ പിറന്ന മണ്ണിനെ കൈവിടാനാകാതെ അവിടെത്തന്നെ ഇപ്പോഴും തുടരുന്നു. സകലതും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽനിന്ന് പലരും നാളിതുവരെ പൂർണമായി മോചിതരായിട്ടില്ല.