ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ ഗ്ലാമര്‍ ടീമായ ലിവര്‍പൂള്‍ എഫ്സിയോട് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല വിടപറഞ്ഞു.
ഒമ്പത് വര്‍ഷം നീണ്ട ആന്‍ഫീല്‍ഡിലെ ജീവിതത്തിന് 2025-26 സീസണിന്റെ അവസാനത്തോടെ വിരാമമിടുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ സല അറിയിച്ചു. ലിവര്‍പൂള്‍ എഫ്സിയുടെ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരന് സലാം...
ആന്‍ഫീല്‍ഡിലെ ഒമ്പത് വര്‍ഷ ജീവിതത്തില്‍, ഏഴ് വര്‍ഷവും ജര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തിനു കീഴിലായിരുന്നു സല. അക്കാലത്ത് മുഴുവന്‍ യൂറോപ്യന്‍ ട്രോഫിയും ലിവര്‍പൂള്‍ സ്വന്തമാക്കി. ക്ലോപ്പിനുശേഷം എത്തിയ, നിലവിലെ പരിശീലകനായ അര്‍നെ സ്ലോട്ടുമായുള്ള അകല്‍ച്ചയാണ് സലയുടെ പെട്ടെന്നുള്ള പടിയിറക്കത്തിന്റെ കാരണം.
» ഈജിപ്ഷ്യന്‍ കിംഗ്
ഈജിപ്ഷ്യന്‍ കിംഗ് എന്നാണ് സല അറിയപ്പെടുന്നത്. ലിവര്‍പൂള്‍ എഫ്സിയുടെ ജഴ്സിയില്‍ 433 മത്സരങ്ങള്‍ കളിച്ചു. 255 ഗോള്‍ സ്വന്തമാക്കി. 118 അസിസ്റ്റ് നടത്തി. ആകെ ഗോള്‍ പങ്കാളിത്തം 373. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാത്രമായി 310 മത്സരങ്ങളില്‍നിന്ന് 189 ഗോളും 92 അസിസ്റ്റും ഉള്‍പ്പെടെ 281 ഗോള്‍ പങ്കാളിത്തമുണ്ട്. പ്രീമിയര്‍ ലീഗില്‍ ഏഴ് മാസം പ്ലെയര്‍ ഓഫ് ദ മന്ത് ആയി. നാല് ഗോള്‍ഡന്‍ ബൂട്ടും രണ്ട് പ്ലേ മേക്കര്‍ പുരസ്കാരവും രണ്ട് പ്രീമിയര്‍ ലീഗ് കിരീടവും സലയ്ക്കു സ്വന്തം.
ഒമ്പത് വര്‍ഷത്തെ ആന്‍ഫീല്‍ഡ് ജീവിതത്തില്‍ ഫിഫ ക്ലബ് ലോകകപ്പ് (2019) അടക്കം എട്ട് ട്രോഫികള്‍ സ്വന്തമാക്കി. രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (2019-20, 2024-25), എഫ്എ കപ്പ് (2021-22), ലീഗ് കപ്പ് (2021-22), കമ്യൂണിറ്റി ഷീല്‍ഡ് (2022), യുവേഫ ചാമ്പ്യന്‍സ് ലീഗ് (2018-19), യുവേഫ സൂപ്പര്‍ കപ്പ് (2019) എന്നിങ്ങനെയാണ് ലിവര്‍പൂളിനൊപ്പം സലയുടെ കിരീട നേട്ടങ്ങള്‍.
പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നാലു തവണയും ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ (2017, 2018) രണ്ടു തവണയും ഈജിപ്ഷ്യന്‍ കിംഗ് സ്വന്തമാക്കി. ലിവര്‍പൂള്‍ എഫ്സിയുടെ ചരിത്രത്തിലെ മൂന്നാമത് ഗോള്‍ നേട്ടക്കാരനാണ് 33കാരനായ സല.
ഇയാന്‍ റഷ് (346), ജോര്‍ജ് ഹണ്ട് (285) എന്നിവരാണ് ഈ പട്ടികയില്‍ സലയ്ക്കു (255) മുന്നിലുള്ളത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന വെയ്ന്‍ റൂണിയുടെ (277) റിക്കാര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്താണ് സല ആന്‍ഫീല്‍ഡിന്റെ പടിയിറങ്ങുന്നതെന്നതും ശ്രദ്ധേയം.
» റൊണാള്‍ഡോ, സിദ്ദാന്, ടോട്ടി
ഈജിപ്തിലെ നഗ്രിഗില് ജനിച്ച സലയുടെ ആരാധ്യഫുട്ബോള് താരങ്ങള്‍ ബ്രസീലിന്റെ റൊണാള്‍ഡോയും ഫ്രാന്‍സിന്റെ സിനദീന്‍ സിദ്ദാനും ഇറ്റലിയുടെ ഫ്രാന്‍സെസ്കോ ടോട്ടിയുമായിരുന്നു. മൂന്നു മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു കൗമാരത്തിന്റെ തുടക്കത്തില്‍ സല പരിശീലന കേന്ദ്രത്തില്‍ എത്തിയിരുന്നത്. ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ മോകാവ്ളൂണിനായി 2010ല്‍ പ്രഫഷണല്‍ അരങ്ങേറ്റം നടത്തി. 2012ല്‍ സ്വിസ് ക്ലബ് എഫ്സി ബാസെലില്‍.
2014ല്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഭാഗമായി. ലിവര്‍പൂള്‍ സമീപിച്ചെങ്കിലും 11 മില്യണ്‍ പൗണ്ടിന്റെ കരാറിലൂടെ ചെല്‍സി സ്വന്തമാക്കുകയായിരുന്നു. ചെല്‍സിയില്‍ സലയ്ക്ക് അവസരം ലഭിച്ചില്ല. ഇറ്റാലിയന്‍ ക്ലബ്ബുകളായ ഫിയോറെന്റീനയ്ക്കും എഎസ് റോമയ്ക്കുമായി ലോണ്‍ കളിച്ചു.
അങ്ങനെയിരിക്കേ 2016ല്‍ 43 മില്യണ്‍ പൗണ്ടിന്റെ കരാറിലൂടെ ലിവര്‍പൂളില്‍ എത്തി. ക്ലബ് കരിയറില്‍ ആകെ 687 മത്സരങ്ങളില്‍നിന്ന് 332 ഗോള്‍ സ്വന്തമാക്കി. ഈജിപ്തിനായി 115 മത്സരങ്ങളില്‍ 67 ഗോളും സല ഇതുവരെ നേടിയിട്ടുണ്ട്.