നെടുമങ്ങാട്: വെള്ളനാട് മേഖലയിലെ തണൽമരങ്ങൾ അനധികൃതമായി വെട്ടിനശിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി. അധികൃതർ പൊലിസിനു കത്തുനൽകി.
ആര്യനാട് പൊതുമരാമത്തുവകുപ്പ് അസിസ്റ്റന്റ് എൻജിനിയറാണ് ആര്യനാട്, അരുവിക്കര പൊലിസ് എസ്എച്ച്ഒമാർക്കു കത്ത് നൽകിയത്.
വെള്ളനാട്ടെ പരിസ്ഥിതിസംരക്ഷണ സംഘടനയായ "പ്രകൃതി' വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിൽ ഒന്പതു വർഷമായി നട്ടുപരിപാലിച്ചുവന്നിരുന്ന എഴുനൂറോളം മരങ്ങളിൽ ആറു മരങ്ങൾ പൂർണമായും മൂന്നുമരങ്ങൾ ഭാഗികമാ യും 15 മരങ്ങളുടെ തായ്ത്തടിയും പഞ്ചായത്ത് പ്രസിഡന്റ് വെട്ടിക്കളഞ്ഞതിനെതിരേപ്രകൃതി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ശശിക്കെതിരേ നടപടിയെടുക്കാൻ പോലീസിന് പിഡബ്ല്യുഡി കത്തുനൽകിയത്.
വെള്ളനാട് ശശി കഴിഞ്ഞതവണ ജില്ലാപഞ്ചായത്തംഗമായിരുന്ന സമയത്ത് വിശ്രമകേന്ദ്രം പണിയുന്നതിനുവേണ്ടി വെള്ളനാട് കൂവ കുടിയിൽനിന്ന രണ്ടു തണൽ മരങ്ങൾ മുറിച്ചുമാറ്റാൻ ശ്രമങ്ങൾ നടത്തിയിരുന്നു.