ബംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയം. ഏഴ് സീറ്റുകളിൽ അഞ്ച് എണ്ണത്തിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയിച്ചു. അതേസമയം ആറ് ജെഡിഎസ് എംഎൽഎമാരും മൂന്ന് ബിജെപി എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ജെഡിഎസിന് സീറ്റ് നഷ്ടമായി. ജയം ഉറപ്പാക്കാൻ 28 വോട്ടുകൾ വേണ്ട സ്ഥാനത്ത് ജെഡിഎസ് സ്ഥാനാർഥിക്ക് കിട്ടിയത് 14 വോട്ട് മാത്രമാണ്. ബി.കെ. ഹരിപ്രസാദ്, തിപ്പണ്ണപ്പ കാമകനൂർ, പി.വി. മോഹൻ, ശിവണ ബി. എസ്. വിനയ്, കാർത്തിക് പ്രകാശ് എന്നിവരാണ് വിജയിച്ച കോണ്ഗ്രസ് സ്ഥാനാർഥികൾ.
ബിജെപിയുടെ ലിംഗരാജ് പാട്ടീലും ആർ.രഘുവും സീറ്റുകൾ നിലനിർത്തിയപ്പോൾ ജെഡിഎസ് സ്ഥാനാർഥി ഗോവിന്ദരാജു പരാജയപ്പെട്ടു. തകർപ്പൻ വിജയത്തോടെ 75 അംഗങ്ങളുള്ള ഉപരിസഭയിൽ കോൺഗ്രസിന് 39 അംഗങ്ങളായി. നിലവിൽ ബിജെപിക്ക് 29 അംഗങ്ങളും ജെഡിഎസിന് ആറ് അംഗങ്ങളുമുണ്ട്. ഒരു സ്വതന്ത്ര അംഗവും കൗൺസിലിലുണ്ട്.