കൊച്ചി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്നു 5,900 കോടി രൂപകൂടി വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് സര്‍ക്കാരിനു ലഭിച്ചത്.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണിതെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിതെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മന്ത്രി പറഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്രം.
നിലവില്‍ അറിയിച്ചിരിക്കുന്ന 5900 കോടി രൂപയുടെ കുറവിനു പുറമെ കിഫ്ബി, പെന്ഷന് കമ്പനി എന്നിവയുടെ പേരില്‍ നേരത്തേതന്നെ വായ്പാപരിധിയില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയിരുന്നു.
ഇതെല്ലാം ചേര്‍ത്താല്‍ ഈ സാമ്പത്തികവര്‍ഷം മാത്രം വായ്പായിനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കിഫ്ബി ഫണ്ട് 12 കോടി വെട്ടിക്കുറച്ചു. ഈ വര്‍ഷം ഗ്യാരന്റി റിഡക്ഷന്‍ ഫണ്ടിന്റെ പേരില്‍ 3300 കോടി രൂപയും വെട്ടിക്കുറച്ചു.