കണ്ണൂർ: 2024 തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടത് സ്ഥാനാർഥിയെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് കണ്ണൂരിലെ മട്ടന്നൂർ.
സിപിഎമ്മിലെ കെ.കെ. ശൈലജയാണ് ഈ നേട്ടം കൈവരിച്ചത്. യുഡിഎഫിലെ ആർഎസ്പി നേതാവ് ഇല്ലിക്കൽ ആഗസ്തിയെ 60,963 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. ധർമടത്തുനിന്നു വിജയിച്ച മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.
കോൺഗ്രസിലെ സി. രഘുനാഥിനെ 50,123 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ പിണറായി വിജയൻ രണ്ടാമൂഴത്തിൽ മുഖ്യമന്ത്രിയായത്. അന്ന് കോൺഗ്രസിലായിരുന്ന സി. രഘുനാഥ് നിലവിൽ ബിജെപി ദേശീയ നിർവാഹകസമിതിയംഗമാണ്. 2021ൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഇടത് പക്ഷവും രണ്ടിടത്ത് യുഡിഎഫും നേടി.
ഇരിക്കൂറും പേരാവൂരും മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. ഇരിക്കൂറിൽ കോൺഗ്രസിലെ സജീവ് ജോസഫും പേരാവൂരിൽ സണ്ണി ജോസഫും വിജയിച്ചു.
ഇടതുമുന്നണി വിജയിച്ച കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളും വിജയിച്ചവരുടെ പേരും പാർട്ടിയും ബ്രാക്കറ്റിൽ: തളിപ്പറന്പ്- എം.വി. ഗോവിന്ദൻ (സിപിഎം), അഴീക്കോട്- കെ.വി. സുമേഷ് (സിപിഎം), കണ്ണൂർ- കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്-എസ്), പയ്യന്നൂർ- ടി.ഐ. മധുസൂദനൻ (സിപിഎം), കല്യാശേരി- എം. വിജിൻ (സിപിഎം), തലശേരി- എ.എൻ. ഷംസീർ (സിപിഎം), കൂത്തുപറന്പ്- കെ.പി. മോഹനൻ (ആർജെഡി).