റാന്നി: കനത്ത മഴയിലും 2018 ലേതിനു തുല്യമായ വെള്ളമുയർച്ചയിലും റാന്നിയിലെ വ്യാപാരികൾക്കുണ്ടായ നഷ്ടം അതിഭീകരമെന്ന് കണക്കുകൾ.ഏതാണ്ട് 80 കോടി മുതൽ നൂറു കോടി രൂപയുടെ വരെ നഷ്ടമാണ് റാന്നിയിലെ വ്യാപാര മേഖലക്ക് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.വി മാത്യു ദീപികയോടു പറഞ്ഞു. ചെറുതും വലതുമായ 300 ലേറെ വ്യാപാരികളെയാണ് ഈ വെള്ളപ്പൊക്കം നേരിട്ടു ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന ഓണ വ്യാപാരം മുന്നിൽ കണ്ട് ഇറക്കിയിരുന്ന ലോഡു കണക്കിന് തുണിത്തരങ്ങളും ചെരിപ്പും ഫാൻസി ഐറ്റങ്ങളും പലചരക്ക്, സ്റ്റേഷനറി എന്നിവയുമെല്ലാം നനഞ്ഞു കുതിർന്നു നശിച്ചിട്ടുണ്ട്. താഴെയുള്ള കടകളിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ളവയും നാശോൻമുഖമായി. ചെത്തോങ്കര വഴി റാന്നിയിലേക്കെത്തി വലിയ പാലത്തിനു സമീപം നദിയിൽ ചേരുന്നവലിയ തോടിന്റെ വീതി ടൗൺ മേഖലയിലേക്കെത്തുമ്പോൾ തീരെ കുറച്ചാണ് പലരും അരികു കെട്ടി എടുത്തിട്ടുള്ളതായി കാണുന്നത് .
ഇതിന് അറുതി വരുത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് 2018 ലെ വെള്ളപ്പൊക്കത്തിനു ശേഷം അന്നത്തെ ജില്ലാ കളക്ടർ പി.ബി നൂഹിനു വ്യാപാരികൾ ചേർന്ന് നിവേദനം നൽകിയിരുന്നു. തോട്ടിലൂടെ ഒഴുകിയെത്തുന്ന മലവെള്ളം കടന്നുപോകാൻ കഴിയാതെ പെട്ടെന്ന് ടൗണിലേക്ക് വ്യാപിച്ച് വ്യാപാര സ്ഥാപനങ്ങളിലും ടൗണിലും ബസ്സ്റ്റാൻഡിലും കയറുകയാണ്. ഇതോടൊപ്പം ഇതേ തോടു മാർഗത്തിലൂടെ നദിയിൽ നിന്ന് തിരിച്ചെത്തുന്ന വെള്ളവും ടൗണിനെ പെരുവെള്ളത്തിൽ മുക്കുകയാണ്.
വ്യാപാര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ്
അനുവദിക്കണം: വ്യാപാരി വ്യവസായി സമിതി
പത്തനംതിട്ട: ജില്ലയിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ റാന്നി, ആറൻമുള തുടങ്ങിയ മേഖലയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി. 2018 ലെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. വില്പനയ്ക്കുള്ള ഉൽപന്നങ്ങളും, ഷോറൂമുകളും- ഫർണിച്ചറുകളുമെല്ലാം വെള്ളപ്പൊക്കത്തിൽ പൂർണമായി നശിച്ചു.
പത്തനംതിട്ട ജില്ലയിലെ 150 ഓളം വ്യാപ സ്ഥാപനങ്ങൾക്കാണ് കാര്യമായ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പാക്കേജ് പത്തനംതിട്ട ജില്ലയിൽ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വില്പനയ്ക്കു സാധ്യമാകാത്ത ഉത്പന്നങ്ങളുടെ എല്ലാവധി നികുതികളും ഒഴിവാക്കിത്തരണം. പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ ട്രഷറാർ കെ.എസ്. അനിൽകുമാർ, ജി.വസന്തകുമാർ, ജിമണലൂർ, ബിജു മേലേതിൽ, ഷാജി മാത്യു, റോളക്സ് നൗഷാദ്, യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, സാബു ചരിവുകാലയിൽ, ലീനാ വിനോദ്, സൂര്യ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.