അതിർവരമ്പുകളില്ലാത്ത സംഗീതത്തെ മലയാളികൾ കൂടുതൽ സ്നേഹിക്കാൻ പഠിച്ചത് ചിലപ്പോൾ എസ്.പി. വെങ്കിടേഷിന്റെ സംഗീതത്തിലൂടെയായിരിക്കും. ഹിറ്റുകൾ മാത്രം മലയാളികൾക്ക് സമ്മാനിച്ച വ്യക്തിത്വം. പരാതികളും പരിഭവങ്ങളുമില്ലാതെ പുതിയ സംഗീത സംവിധായകരുടെ പാട്ടുകളെയും കേൾക്കണമെന്ന് ആഗ്രഹിച്ചയാൾ. ഹിറ്റുകൾ സംഭവിച്ചിട്ടും അദ്ദേഹത്തിന്റെ സംഗീതവഴികളിൽ ഇടവേളകൾ വന്നു.
എന്തുകൊണ്ട് ഇടവേളകൾ വന്നുവെന്ന് ചോദിച്ചാലും മുഖത്ത് ആദ്യം ഒരു പുഞ്ചിരിയായിരുന്നു എസ്പിവിക്ക്. പുതിയ ആളുകള്‍ വന്നില്ലേ. അപ്പോള്‍ സ്വാഭാവികമായും പഴയ ആളുകള്‍ പിന്നിലേക്കാകും. അതു നല്ലതു തന്നെയാണ്. പുതിയ സംഗീതം കേള്‍ക്കാമല്ലോ,എന്നാണ് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ആളുകള്‍ക്കും അതൊരു പുതിയ അനുഭവമാകും. ഇടവേള സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതില്‍ പരാതിയോ ദു:ഖമോ ഒന്നുമില്ല. ദൈവം സഹായിച്ച് വേറെയും ഭാഷകളിലെ പാട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഈണമിടാനായി. മലയാളത്തില്‍ ഇടവേള വന്നെങ്കിലും കരിയറില്‍ അങ്ങനെയൊന്നു സംഭവിച്ചില്ല. എങ്കിലും മലയാളം അന്നുമിന്നും ഏറ്റവും പ്രിയപ്പെട്ടൊരിടമാണ്.
മന:പൂര്‍വം അവിടെ നിന്നുള്ള അവസരങ്ങളൊന്നും വേണ്ടെന്നു വച്ചിട്ടില്ല. ഇന്ന് ഏതെങ്കിലും സംവിധായകര്‍ വിളിച്ച് നാളെ ഈണമിടാന്‍ വരണമെന്നു പറഞ്ഞാല്‍ പോലും ഓടിയെത്തും. എത്രയോ വര്‍ഷങ്ങള്‍ മലയാളത്തില്‍ നിന്നു. അന്നത്തെ എല്ലാ ഹിറ്റ് സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായി. സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ഗാനരചയിതാക്കളില്‍ നിന്നും ഗായകരില്‍ നിന്നും നല്ല ഓര്‍മകള്‍ മാത്രമേയുള്ളൂ. അത്രയും സ്നേഹവും സഹകരണവുമായിരുന്നു അവര്‍ നല്‍കിയത്. നല്ല ഓര്‍മകള്‍ മാത്രം സമ്മാനിച്ചവര്‍. എന്നാണ് അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചത്.