ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ബൈശാഖി, റോംഗാലി ബിഹു, മഹാ ബിഷുബ പാന സംക്രാന്തി, പൊയില ബോയ്ശാഖ്, വിഷു, തമിഴ് പുത്താണ്ട് വേളകളിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും പരമ്പരാഗത പുതുവത്സരാശംസകൾ നേരുന്നു. ഈ ശുഭകരമായ അവസരം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ.
ചിത്തിരൈ മാസം കൃഷിക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കുന്ന കാലമാണ്. കർഷകർ ഭൂമിയെ ഫലഭൂയിഷ്ഠമാക്കാനുള്ള ജോലികൾ ആരംഭിക്കുന്ന സമയം. കഠിനാധ്വാനം പുരോഗതിയിലേക്ക് നയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നമ്മുടെ പൂർവികർ, അധ്വാനത്തിന്റെ ശുഭാരംഭത്തെ ആഘോമാക്കി മാറ്റി. രാജ്യമെമ്പാടും, സമാനമായ ആഘോഷങ്ങൾ നമുക്ക് കാണാൻ കഴിയും, അവ ഇന്ത്യയുടെ ഐക്യത്തിന്റെയും സമാന സംസ്കാരത്തിന്റെയും ഉദാഹരണങ്ങളായി നിലകൊള്ളുന്നു.
ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് പഞ്ചാബിൽ, ജനങ്ങൾ വിളവെടുപ്പ് ഉത്സവമായി ബൈശാഖി ആഘോഷിക്കുന്നു. ദക്ഷിണേന്ത്യയിൽ, കേരളം വിഷു ആഘോഷിക്കുന്നു, വിഷു ദിനത്തിൽ അതിരാവിലെ ശുഭകരമായ വസ്തുക്കൾ കണി കാണുന്നത് കേരളീയരുടെ ഒരു പ്രധാന ആചാരമാണ്. ആസാമിലെ ജനങ്ങൾ ബിഹു ആഘോഷിക്കുന്നു, പശ്ചിമ ബംഗാളിൽ പൊയ്ല ബോയ്ഷാഖ് ആവേശപൂർവം കൊണ്ടാടുന്നു.
മണിപ്പുർ, ത്രിപുര, ഒഡീഷ, ബിഹാർ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജനങ്ങളും ഈ സവിശേഷ കാലഘട്ടത്തെ വൈവിധ്യമാർന്ന പരമ്പരാഗത രീതികളിൽ പുതുവത്സരമായി ആഘോഷിക്കുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഗംഗാ നദിയിൽ പുണ്യസ്നാനം നിർവഹിക്കാൻ ഒത്തുകൂടുന്നു, ഇത് ഈ ശുഭവേളയുടെ പവിത്രത വിളിച്ചോതുന്നു.
തെലുങ്ക് സംസാരിക്കുന്ന ജനങ്ങൾ അവരുടെ പുതുവത്സരമായ ഉഗാദി അടുത്തിടെ ആഘോഷിക്കുകയുണ്ടായി, മറാത്തി, കൊങ്കണി സമൂഹങ്ങൾ അവരുടെ പുതുവത്സരം ഗുഡി പദ്വയായി ആഘോഷിക്കുന്നു.
നാമെല്ലാം ഒരു പുരാതന സംസ്കാരത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്ന് നമ്മുടെ പൂർവികരുടെ ശാസ്ത്ര ജ്ഞാനം തെളിയിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ ആഴമേറിയതും കൃത്യവുമായ ധാരണ നാം ഇന്നും ആചരിച്ചുവരുന്ന പുതുവത്സരാഘോഷങ്ങളിൽ പ്രതിഫലിക്കുന്നു.
പഞ്ചാംഗത്തിൽ അഞ്ച് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു: ആഴ്ചയിലെ ദിവസം, ചാന്ദ്ര ദിനം (തിഥി), കരണം, നക്ഷത്രം, യോഗ. ഇവയെ അടിസ്ഥാനമാക്കി, മഴ, കൃഷി, വർഷത്തിലെ മറ്റ് വശങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്തുന്നു.
നമ്മുടെ പൂർവികർ സമയം കണക്കാക്കാൻ സൗര, ചാന്ദ്ര സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. ആധുനിക ശാസ്ത്രം നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രഹണം കണക്കാക്കുമ്പോൾ, മുൻകാലങ്ങളിലും അത്തരം പ്രതിഭാസങ്ങൾ പഠിക്കുകയും കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു.
പൂർവികർ കൈമാറിയ ജ്ഞാനം നമ്മുടെ പൈതൃകമാണ്. നാം അത് സംരക്ഷിക്കുകയും ഭാവി തലമുറകൾക്ക് കൈമാറുകയും വേണം. ക്ഷേത്രങ്ങളിൽ പഞ്ചാംഗം വായിക്കുന്നത് ഈ പാരമ്പര്യത്തെ ആദരിക്കാനുള്ള ഒരു മാർഗമാണ്.
പ്രകൃതിയുടെ സമൃദ്ധിയോടുള്ള നമ്മുടെ പൂർവികരുടെ ബഹുമാനത്തെ പുതുവത്സരത്തിന്റെ മറ്റൊരു മഹനീയ വശം പ്രതിഫലിപ്പിക്കുന്നു. വീടുകളിൽ, പഴങ്ങളും പൂക്കളും പോലുള്ള ശുഭകരമായ വസ്തുക്കൾ ഒരുക്കുകയും രാവിലെ കണി കാണുകയും ചെയ്യുന്നു.
വസന്തകാലം പ്രകൃതി സ്വയം നവീകരിക്കുന്ന കാലഘട്ടമാണ് - മരങ്ങളും ചെടികളും അവയുടെ ഹരിതാഭ വീണ്ടെടുക്കുന്നു, പൂക്കൾ വിരിയുന്നു, പഴങ്ങൾ വിളയുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച തമിഴർ, "കണി കനൽ" എന്ന ആചാരത്തിലൂടെ ഈ സമൃദ്ധിക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് വർഷം ആരംഭിക്കുന്നത്.
അതുപോലെ, ഈ ദിവസം തയാറാക്കുന്ന പരമ്പരാഗത വിഭവത്തിൽ കയ്പ്പ് ഉൾപ്പെടെയുള്ള എല്ലാ രുചികളും ഉൾപ്പെടുന്നു. സന്തോഷവും ദുഃഖവും അടക്കമുള്ള എല്ലാ അനുഭവങ്ങളെയും ഉൾക്കൊള്ളുന്നതാണ് ജീവിതമെന്നും, എല്ലാത്തിനെയും സന്തുലിതമായി സ്വീകരിക്കണമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.
രാജ്യത്തുടനീളമുള്ള ഈ ആഘോഷങ്ങളിലും, ഇന്ത്യൻ സമൂഹങ്ങൾ സ്ഥിരതാമസമാക്കിയ ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലും ഈ പൊതുബോധം നിലനിൽക്കുന്നു. ഈ ആഘോഷങ്ങൾ നമ്മുടെ സാംസ്കാരികത്തനിമയെയും വൈവിധ്യത്തെയും ഓർമിപ്പിക്കുന്നതോടൊപ്പം രാഷ്ട്രത്തിന്റെ അടിസ്ഥാന ഐക്യത്തെ ഉയർത്തിക്കാട്ടുന്നു. എക്കാലവും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന നമ്മുടെ പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുന്നു.
നമ്മുടെ പൂർവികർ തെളിച്ച പാത പിന്തുടർന്ന്, ഭാവാത്മക ചിന്തയോടെയും വിശ്വാസത്തോടെയും സമർപ്പണത്തോടെയും പുതുവത്സരം ആഘോഷിക്കാൻ ഞാൻ യുവജനങ്ങളോട് അഭ്യർഥിക്കുന്നു. രാഷ്ട്ര പുരോഗതിക്ക് സംഭാവന നൽകാനുള്ള ദൃഢനിശ്ചയത്തോടെ നമുക്ക് നമ്മുടെ ഉദ്യമങ്ങൾ ആരംഭിക്കാം.
നമ്മുടെ ഭാരതം സാംസ്കാരിക ധാർമികതയിൽ ഒന്നായി നിലകൊള്ളുന്നു, ഒന്നായി തന്നെ തുടരുകയും ചെയ്യും. മുതിർന്നവരുടെ മാർഗദർശനത്താൽ, ഏക ഭാരതം കെട്ടിപ്പടുക്കാൻ ആവേശപൂർവം മുന്നേറുന്ന യുവതലമുറയ്ക്ക്, 2047 ആകുമ്പോഴേക്കും ശ്രേഷ്ഠ ഭാരതവും വികസിത ഭാരതവും യാഥാർഥ്യമാക്കുന്നതിൽ വിജയം വരിക്കാൻ കഴിയുമാറാകട്ടെ.