തിരുവനന്തപുരം: ഗോൾഡൻവാലി നിധി നിക്ഷേപ തട്ടിപ്പിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതി താരയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29ന് തമ്പാനൂർ പോലീസ് ബംഗളൂരു വിമാനത്താവളത്തിൽനിന്നും പിടികൂടിയിരുന്നു.
തുടർന്ന് റിമാൻഡിലായ താര കോടതിയിൽ പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇവർ പണം നൽകാത്തതിനെ തുടർന്ന് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി വന്നതോടെയാണ് അന്വേഷണ സംഘം കേസ് അന്വേഷണം ഊർജിതമാക്കിയത്.
10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതോടൊപ്പം കുവൈറ്റിലേക്കു മുങ്ങിയ മറ്റൊരു പ്രതി കെ.ടി.തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു.