തൃശൂർ: തൃശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഉൗട്ടുതിരുനാൾ ഒന്‍പതിന്.
രണ്ടുലക്ഷംപേർ പങ്കെടുക്കുമെന്ന് വികാരി ഫാ. ഷൈജൻ കളത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപതിന് പുലർച്ചെ 5.30നു ദിവ്യബലി, നൊവേനയോടെ തുടക്കമാകും. തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കാൻ ബിഷപ്പുമാരായ ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറന്പിൽ, ഡോ. ആന്റണി വാലുങ്കൽ, മാർ ടോണി നീലങ്കാവിൽ എന്നിവരും ഉൗട്ടുതിരുനാൾ പൊന്തിഫിക്കൻ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും നേതൃത്വം നൽകും. ആഘോഷത്തിനായി നാലായിരം ചതുരശ്രഅടിയുള്ള പന്തലും മറ്റു സജ്ജീകരണങ്ങളും ഒരുങ്ങി. ആയിരത്തിലധികം വോളന്റിയർമാർ നിയന്ത്രിക്കും. എട്ടിന് ആയിരക്കണക്കിനു വിശ്വാസികൾ പ്രസുദേന്തിമാരാകും. തിരുനാൾ പ്രസുദേന്തി കൂപ്പണും നേർച്ച കൂപ്പണും ഓഫീസിൽ ലഭ്യമാണ്.
മുൻവർഷങ്ങളേക്കാൾ കൂടുതൽ നിർധനരോഗികൾക്കുള്ള ധനസഹായം. ഡയാലിസിസ് ഫണ്ട്, ഭവനനിർമാണ സഹായം എന്നിവ നൽകി തിരുനാളിനെ കാരുണ്യത്തിരുനാളാക്കി മാറ്റുമെന്നു ഫാ. ഷൈജൻ കളത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ സഹവികാരി അജയ് ആന്റണി പുത്തൻപറന്പിൽ, ജനറൽ കണ്‍വീനർ ബ്രിസ്റ്റോ തൈപ്പാടത്ത്, ജോ. ജനറൽ കണ്‍വീനർ ജോണ്‍ലി മാത്യു, പാരിഷ് കൗണ്‍സിൽ സെക്രട്ടറി ഡീന ജോണ്സണ്, കൈക്കാരൻമാരായ റോമി തോമസ്, മൈക്കിൾ നെറോണ എന്നിവരും പങ്കെടുത്തു.