കോഴഞ്ചേരി: മതനിരപേക്ഷതയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന സംസ്ഥാനമായതിനാലാണ് മഹാപ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ഏറ്റവും ദുരന്തപൂര്‍ണമായ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കാതെ ഇരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലായെന്നും ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്നും പിണറായി കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആര്‍എസ്എസിന്റെ അജണ്ടയാണ് ബിജെപി രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. ദുരന്തകാലത്ത് കേന്ദ്രം സഹായിച്ചില്ലെന്നു മാത്രമല്ല സഹായഹസ്തവുമായി വന്ന വിദേശ രാഷ്ട്രങ്ങളുടെ മേലും വിലക്ക് ഏര്‍പ്പെടുത്തി.
ഇതിനെതിരേ ഒരു വാക്ക് ഇന്ത്യയുടെ പാര്‍ലമെന്റില്‍ പറയാന്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. യുഡിഎഫും ബിജെപിയും ഒന്നിച്ചാണ് നീങ്ങുന്നതെന്ന് പിണറായി പറഞ്ഞു. ഇവരുടെ അജണ്ടയാണ് എല്ഡിഎഫിനെതിരേനുണപ്രചാരണം നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനോട് നേരിട്ട് എതിര്‍ക്കാന്‍ ശക്തിയില്ലാത്തതാണ് സംസ്ഥാനത്തെ പ്രതിപക്ഷമെന്നും പിണറായി പറഞ്ഞു.
എന്നാല്‍ അതിനും അവര്‍ക്ക് കഴിയുന്നില്ല. ഏതു സര്‍ക്കാരിന്റെയും അവസാന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു പ്രതിപക്ഷം എങ്കില്‍ ഇവിടെ അവര്‍ക്ക് അതിനും കഴിഞ്ഞില്ല. ബഹിഷ്കരണം ആണ് അവര്‍ ബദലായി നടത്തിയത്. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരേപോലും ഒരു അഴിമതിയോ ആക്ഷേപമോ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് എല്‍ഡിഎഫ് സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ശരത്ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥികളായ വീണാ ജോർജ് (ആറന്മുള), പ്രിജി കണ്ണൻ (അടൂർ),എല്‍ഡിഎഫ് നേതാക്കളായ ഡോ. റ്റി.എം. തോമസ് ഐസക്, രാജു ഏബ്രഹാം, ഓമല്ലൂര്‍ ശങ്കരന്, മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപാന്‍, അഡ്വ. ഫിലിപ്പോസ് തോമസ്, ഡോ. വര്‍ഗീസ് ജോര്‍ജ്, മനോജ് മാധവശേരി, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം എ.പി. ഉദയഭാനു, റ്റി.വി.സ്റ്റാലിന്, ടി. സക്കീര്‍ ഹുസൈന്, കുര്യന് മടയ്ക്കല്‍, എം.വി. സഞ്ജു, ബിജിലി പി. ഈശോ, ബിജോ പി.മാത്യു, ചെറിയാന് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രി കോന്നിയിലും റാന്നിയിലും
കോന്നി: കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ. യു.
ജനീഷ് കുമാറിന്റെ വിജയത്തിനായി ചേർന്ന എൽഡിഎഫ് കോന്നി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണത്തിൻ കീഴിൽ കേരളം വികസന മുരടിപ്പ് നേരിടുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്. ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം നല്ലനിലയിൽ എൽഡിഎഫ് നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി അധ്യക്ഷത വഹിച്ചു.കെ. യു. ജനീഷ് കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ,സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സിപിഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി,സോമൻ പാമ്പായിക്കോട്, റഷീദ് മുളന്തറ,ശ്യാംലാൽ, കൺവീനർ പി ജെ അജയകുമാർ, രാജു നെടുവംപുറം തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നി: റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇട്ടിയപ്പാറയിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽഡിഎഫ് കൺവീനർ ജേജോ കോവൂർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പ്രമോദ് നാരായൺ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്സ്, സിപിഎം ജില്ലാ സെക്രട്ടേയറ്റ് അംഗങ്ങളായ പി.ആർ പ്രസാദ്, കോമളം അനിരുദ്ധൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.സതീഷ്, ലിസി ദിവാൻ , സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്, മോഹനൻ, റോഷൻ റോയി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.