കൊച്ചി: പിണറായി വിജയനെ വിമർശിക്കാതിരിക്കാൻ താൻ മോദിയല്ലെന്നു തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മോദിയെപ്പോലെ സംസാരിക്കാൻ തനിക്കാകില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
മോദി ബ്രദേഴ്സാണ് കേരളത്തിൽ യുഡിഎഫിനെ നേരിടുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തിന്റെ സ്വത്തിനുപോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ്.
തെലുങ്കാനയിൽ കോൺഗ്രസ് പ്രകടനപത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി. ഇതു നേരിൽക്കണ്ട് ബോധ്യപ്പെടുന്നതിനായി പിണറായി വിജയനെ തെലുങ്കാനയിലേക്ക് ക്ഷണിക്കുന്നു. ഇതിനായി പ്രത്യേക വിമാനം അടക്കം എല്ലാ സൗകര്യവും ഒരുക്കാം. എങ്ങനെയാണു തെലുങ്കാനയിൽ കോൺഗ്രസ് സർക്കാർ ഗാരന്റികൾ നടപ്പാക്കിയതെന്ന് നേരിട്ടു ബോധ്യപ്പെടുത്താം.
കേരളത്തിന്റെ എന്ത് ആവശ്യത്തിനും തെലുങ്കാന സർക്കാർ ഒപ്പമുണ്ടാകുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു.