റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളറായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് താക്കീതു നല്കി സൗദി പ്രൊ ലീഗ്. എത്ര സുപ്രധാനപ്പെട്ട ആളായാലും ക്ലബ്ബിനേക്കാള്‍ പ്രധാനമല്ല എന്നാണ് സൗദി പ്രൊ ലീഗ് റൊണാള്‍ഡോയ്ക്കു നല്കിയ താക്കീത്. ലീഗില്‍ ട്രാന്‍സ്ഫര്‍ തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പ്രതിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി പ്രൊ ലീഗ് താക്കീതു നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച 41 വയസ് പൂര്‍ത്തിയായ റൊണാള്‍ഡോ, തന്റെ ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കായി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം ചെലവഴിക്കാത്തതിനെതിരേ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധ സൂചകമായി അല്‍ അഹ്ലി സൗദിക്ക് എതിരായ മത്സരത്തില്‍നിന്നു വിട്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയില്‍ അരങ്ങേറിയ അല്‍ എത്തിഹാദിന് എതിരായ മത്സരത്തിലും അല്‍ നസര്‍ സംഘത്തിനൊപ്പം റൊണാള്‍ഡോ ഇറങ്ങിയില്ല.
പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് റൊണാള്‍ഡോയുടെ ആക്ഷേപം.