ബംഗാളിലെ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് ബാങ്കുറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പാർലമെന്റിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനെ എതിർത്ത മമതയുടെ തൃണമൂൽ കോൺഗ്രസ് ബംഗാളിലെ ‘സഹോദരിമാരെ’വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
“ബംഗാളിലെ സ്ത്രീകൾ 33 ശതമാനം സംവരണം ആഗ്രഹിച്ചു. മോദി ഇത് ഉറപ്പാക്കി. 2029 മുതൽ ഇത് നടപ്പിലാക്കണമെന്ന് ബംഗാളിലെ സ്ത്രീകൾ ആഗ്രഹിച്ചു. അതിനായി മോദിയും പരിശ്രമിച്ചു. എന്നാൽ, ബംഗാളിലെ കൂടുതൽ പെൺമക്കൾ എംഎൽഎമാരും എംപിമാരും ആകാൻ തൃണമൂൽ ആഗ്രഹിച്ചില്ല. കാരണം, അവരുടെ ‘മഹാ ജംഗിൾ രാജിനെ’ (കാട്ടുഭരണം) പെൺമക്കൾ വെല്ലുവിളിക്കുകയായിരുന്നു.” -പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ഉയർന്ന പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് എപ്പോഴും മുൻപന്തിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി മമത ബാനർജി ഇതിനെ നേരിട്ടത്.
“പാർലമെന്റിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ സ്ത്രീ പ്രതിനിധികളുള്ളത് ഞങ്ങളുടെ പാർട്ടിക്കാണ്. ലോക്സഭയിൽ ഞങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ 37.9 ശതമാനം പേരും സ്ത്രീകളാണ്. രാജ്യസഭയിൽ ഞങ്ങൾ 46 ശതമാനം വനിതാ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.’’ -ഓൺലൈൻ പോസ്റ്റിലൂടെ അവർ വ്യക്തമാക്കി.
ഈ മാസം 23ന് ആദ്യഘട്ട വോട്ടെടുപ്പിലേക്കു പോകുന്ന പശ്ചിമബംഗാളിൽ പോര് കത്തിപ്പടരുകയാണ്. പാർലമെന്റിലെ പരാജയത്തെ പ്രതിപക്ഷത്തിനെതിരായ ആയുധമാക്കി പരമാവധി നേട്ടം കൊയ്യാനാണ് ബിജെപിയുടെയും മോദിയുടെയും ശ്രമം. എന്നാൽ, ബംഗാളിന്റെ തീപ്പൊരിയായ മമത പതറാതെ അതിനെ നേരിടുന്നു. ഓരോ മണ്ഡലത്തിലും പരസ്പരം കടിച്ചുകീറുന്ന പോരാട്ടമാണവിടെ.
ബിജെപിയോടു തെല്ലും മമതയില്ലാത്ത ദീദി
“ആമായ് പംഗാ ദിലേ ആമി ചാംഗാ ഹോബെ” (എന്നെ ചൊറിയാൻ വന്നാൽ എനിക്ക് വാശി കൂടും) എന്നത് പശ്ചിമബംഗാളിൽ തീപാറുന്ന എല്ലാ തെരഞ്ഞെടുപ്പു യോഗങ്ങളിലും തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ പതിവ് വാക്യമാണ്. ബംഗാൾ ഭരണം പിടിച്ചെടുക്കാൻ ഡൽഹിയിൽനിന്നു വരുന്ന നരേന്ദ്ര മോദിയെയും അമിത് ഷായെയും ഉന്നമിട്ടാണ് ബിജെപിയോടു തെല്ലും മമതയില്ലാത്ത ദീദിയുടെ പോര്. തീപാറുന്ന പോരാട്ടമാണ് മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും കൊന്പുകോർക്കുന്ന മധ്യ കോൽക്കത്തയിലെ മണ്ഡലമായ ഭവാനിപുരിലേത്.
തൃണമൂലിന്റെ നാലാം തുടർഭരണത്തിനു തടയിടാൻ മോദിയും അമിത് ഷായും ഉൾപ്പെടെ ബിജെപിയുടെ ദേശീയ നേതൃത്വം ഒന്നാകെ ഭവാനിപ്പൂരിലും മറ്റിടങ്ങളിലും വട്ടമിടുന്നു. മമതയെ തോൽപ്പിക്കാൻ അവരുടെ പഴയ രാഷ്ട്രീയ ശിഷ്യൻകൂടിയായ സുവേന്ദു വളർന്നിട്ടില്ലെന്ന് ശരാശരി ബംഗാളി വോട്ടർമാർ പറയുന്നു. കാരണം, ഭവാനിപുരിന്റെ വേരോട്ടം ഏറെക്കാലമായി തൃണമൂലിനൊപ്പമാണ്. ആകെ 294 നിയസഭാ മണ്ഡലങ്ങളിൽ 152 മണ്ഡലങ്ങളിലെ 3.6 കോടി വോട്ടർമാർ വ്യാഴാഴ്ച ഒന്നാംഘട്ടത്തിൽ വിധിയെഴുതുകയാണ്. ആകെ സ്ഥാനാർഥികൾ 1,478. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ 29നാണ് തെരഞ്ഞെടുപ്പ്.
സ്ഥാനാർഥികൾ 1,448. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണമെന്നിരിക്കെ ഇത്തവണ പോരാട്ടം അതിശക്തമാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുത്ത് 215 സീറ്റുകളോടെയാണ് തൃണമൂൽ കോണ്‍ഗ്രസ് മൂന്നാം ഭരണം പിടിച്ചത്. പ്രതിപക്ഷത്തിരിക്കാൻ ബിജെപിക്ക് 77 സീറ്റുകൾ ലഭിച്ചു.
2021ൽ കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യമായി മത്സരിച്ചിട്ടും ഫലം വട്ടപ്പൂജ്യമായിരുന്നു. നാലാമൂഴത്തിന് മമത വീറോടെ പൊരുതുന്പോൾ വംഗനാട്ടിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസും വിജയപട്ടികയിൽ ഇടം പിടിക്കാനുള്ള സാധ്യത വിദൂരത്താണ്. നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് 284 സീറ്റുകളിൽ ഇത്തവണ മത്സരിക്കുന്നു.
തെരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കാൻ രണ്ട് ലക്ഷം കേന്ദ്രസേനാംഗങ്ങളാണ് ബംഗാളിൽ തന്പടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകുന്ന സംസ്ഥാനമാണിത്. 2021ൽ എട്ടു ഘട്ടമായാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. രണ്ടു ഘട്ടമായി വോട്ടിംഗ് നടക്കുന്ന ഇത്തവണ ബൂത്തുകളുടെ മാത്രമല്ല, സംസ്ഥാനത്തിന്റെയൊട്ടാകെ ക്രമസമാധാനപാലനം കേന്ദ്രസേനയ്ക്കാണ്. കേന്ദ്രത്തോടും ബിജെപിയോടും രമ്യതയില്ലാതെ കലഹിക്കുന്ന മമത, രണ്ടായിരത്തിലേറെ കന്പനി കേന്ദ്രസേനയെ ബംഗാളിൽ ഇറക്കിയതിൽ കടുത്ത പ്രതിഷേധത്തിലാണ്.
1977 മുതൽ 2011 വരെ 34 വർഷം തുടർച്ചയായി ബംഗാൾ ഭരണം കൈയാളിയ സിപിഎം മുന്നണിക്ക് സാധ്യതയും സാഹചര്യവും കൈയെത്താദൂരത്താണ്. തോറ്റാലും തോൽവി അംഗീകരിക്കാത്ത സിപിഎമ്മും ഇടതുപക്ഷവും 252 സീറ്റുകളിലാണ് മത്സരിക്കുന്നത്. 30 സീറ്റിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനും എട്ടിടത്ത് സിപിഐ എംഎലിനും (ലിബറേഷൻ) നാലിടത്ത് സ്വതന്ത്രർക്കും പിന്തുണ നൽകുന്നു. സ്ഥാനാർഥികളിൽ 195 പേർ സിപിഎമ്മിന്റേതാണ്. ഫോർവേഡ് ബ്ലോക്ക് 23, സിപിഐ 16, ആർഎസ്പി 16, മാർക്സിസ്റ്റ് ഫോർവേഡ് ബ്ലോക്ക്-ഒന്ന്, ആർസിപിഐ-ഒന്ന്, പശ്ചിമ ബംഗാൾ സോഷ്യലിസ്റ്റ് പാർട്ടി-ഒന്ന് എന്നിങ്ങനെയാണ് ഘടകകക്ഷികളുടെ സീറ്റുകൾ.
മമതയും സുവേന്ദുവും നേർക്കുനേർ
മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപുരിൽ 29ന് രണ്ടാം ഘട്ടത്തിലാണ് വിധിയെഴുത്ത്. 2021ൽ നന്ദിഗ്രാം മണ്ഡലത്തിലാണ് ഇരുവരും പോരാടിയത്. തെരഞ്ഞെടുപ്പിന് നാലുമാസം മുൻപ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദുവിനെ നിലംപരിശാക്കാൻ ഭവാനിപുർ ഷുവർ സീറ്റ് ഒഴിവാക്കി മമത നന്ദിഗ്രാമിൽ പോരടിച്ചെങ്കിലും സുവേന്ദു 1,956 വോട്ടുകളുടെ മേൽക്കൈയിൽ അട്ടിമറിവിജയം നേടി രാജ്യത്തെ ഞെട്ടിച്ചു.
പവർകട്ടിനിടെ ഇരുളിന്റെ മറവിൽ ഇവിഎമ്മിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി മമത നിയമപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്ന് ഭവാനിപുരിൽനിന്ന് ജയിച്ച ശോഭൻദേബ് ചതോപാധ്യായ മമതയ്ക്കായി രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് മമത മുഖ്യമന്ത്രിപദത്തിൽ തുടർന്നത്.
സുവേന്ദു ഇക്കുറി ഭവാനിപുരിനൊപ്പം നിലവിലെ മണ്ഡലമായ നന്ദിഗ്രാമിലും മത്സരിക്കുന്നു. മമത ഭവാനിപുരിൽ മാത്രമേയുള്ളൂ. രണ്ടു ഘട്ടങ്ങളിലും ജനവിധി തേടുന്ന ഏക സ്ഥാനാർഥിയും സുവേന്ദുവാണ്. സ്വന്തം വീട് ഉൾപ്പെടുന്ന ഭവാനിപുരിനെ തറവാട് എന്നാണ് മമത വിശേഷിപ്പിക്കാറുള്ളത്.
എന്നാൽ, നിലവിൽ ഭവാനിപുരിലെ പകുതിയോളം വോട്ടർമാർ ബംഗാളികളല്ലെന്നതും കുടിയേറി വന്നവരുടെ വികാരം അപ്പാടെ ദീദിക്ക് അനുകൂലമാകില്ലെന്നും പറയുന്നവരുണ്ട്. മുസ്ലിം വോട്ടർമാരുടെ ഉറച്ച പിന്തുണ മമതയ്ക്കാണെങ്കിലും 40 ശതമാനം വോട്ടർപട്ടികയിൽനിന്നു പുറത്തായത് ആശങ്കയുളവാക്കുന്നു. കോൽക്കത്ത കോർപറേഷനിലെ എട്ടു വാർഡുകൾ ചേർന്ന ഭവാനിപുർ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും തൃണമൂൽ കൗണ്‍സിലർമാരാണ്. 2021ൽ ഇവിടെ ശോഭൻദേബ് ജയിച്ചത് 28,719 വോട്ടിനും ഉപതെരഞ്ഞെടുപ്പിൽ മമതയുടെ വിജയം 58,835 വോട്ടിനുമായിരുന്നു. എന്നാൽ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മാലാ റോയിക്ക് മണ്ഡലത്തിൽ നേടാനായത് 8,297 വോട്ടുകളുടെ ഭൂരിപക്ഷം.
തൃണമൂലിന് വെല്ലുവിളി ഡാർജിലിംഗ് മേഖല
ഡാർജിലിംഗ് മേഖലയിൽ തൃണമൂലിന് വെല്ലുവിളി ഉയർത്തുന്നത് ഗൂർഖാലാൻഡിനായി മുറവിളി കൂട്ടുന്ന ഗൂർഖ സംഘടനകളാണ്. ഈ സാഹചര്യത്തിൽ 294 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്ത് തൃണമൂൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നില്ല. ഡാർജിലിംഗ്, കർസ്യോങ്, കലിംപോങ് മണ്ഡലങ്ങളിൽ തൃണമൂൽ പിന്തുണ അനിത് ഥാപ്പയുടെ ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ച പാർട്ടിക്കാണ്.
ബംഗാളിൽ 90 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ എസ്ഐആർ നടപടികളിൽ മമത ബിജെപിയെ കുറ്റപ്പെടുത്തുന്നു. വെട്ടിനിരത്തലിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ ചേംബറിൽ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ശ്രദ്ധ നേടിയിരുന്നു. വോട്ടർപട്ടികയിലെ ‘ലോജിക്കൽ വൈകല്യങ്ങൾ’ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വോട്ടർമാരെ ഒഴിവാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
തൃണമൂലിനെ അപ്പാടെ തൂത്തെറിഞ്ഞ് ബംഗാൾ പിടിക്കാനുള്ള അടിത്തറയും ആൾബലവും ബിജെപിക്കില്ല. മമതയുടെ ഭരണത്തെ സ്വീകാര്യമാക്കുന്ന പ്രധാന ഘടകം ക്ഷേമപ്രവർത്തനങ്ങളാണ്. ബംഗാളിലെ 83 ശതമാനം ജനങ്ങളും സർക്കാരിന്റെ ഏതെങ്കിലുമൊരു ക്ഷേമപ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ്. സ്വകാര്യ ആശുപത്രികളിലും ചികിത്സാ ഇൻഷുറൻസ് കൊണ്ടുവന്നത് പിന്തുണ കൂടുതൽ ഉറപ്പിക്കുന്നു. കേരളത്തിലുള്ള ബംഗാളി ഭായിമാർ കൂട്ടത്തോടെ ഈ ദിവസങ്ങളിൽ വണ്ടികയറുന്നത് ദീദിക്ക് വോട്ട് ചെയ്യാനാണ്. ബംഗാളിലെ രാഷ്ട്രീയസാധ്യത ചോദിച്ചാൽ ഭൂരിപക്ഷം ഭായിമാരും പറയുക ദീദി തുടരണമെന്നും അവർ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണെന്നുമാണ്.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് വിട്ടതു മുതൽ മമത ബംഗാളിൽ സിഎമ്മിനും ഇടതു സർക്കാരിനുമെതിരേ കൊടുങ്കാറ്റായി മാറുകയായിരുന്നു. അവിടെ അവശേഷിച്ച കോണ്‍ഗ്രസുകാർ അപ്പാടെ തൃണമൂൽ കോണ്‍ഗ്രസിലേക്കു ചേക്കേറി.
മമതയെ ഉന്മൂലനം ചെയ്യാനുള്ള സിപിഎം സർക്കാരിന്റെ ആക്രമണങ്ങൾ സഹിച്ചും അനുഭവിച്ചും തൃണമൂൽ കരുത്തരായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തകർച്ച പ്രകടമായിരുന്നു. തുടർന്ന്, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നിലംപൊത്തി. മമത ഭരണം പിടിച്ചു. സിപിഎം ബംഗാളിൽനിന്നു മാഞ്ഞ് മണ്ണടിഞ്ഞു പോകാൻ ഏറെക്കാലം വേണ്ടിവന്നില്ല.
പിന്നീട് ബിജെപി വംഗനാട്ടിൽ പോരിന് ഇറങ്ങിയെങ്കിലും തോക്കിനേക്കാൾ കരുത്തുള്ള മമതയുടെ നാക്കിനു മുന്നിൽ ചെറുത്തുനിൽക്കാനായില്ല. എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റു മാത്രം നേടിയിരുന്ന ബിജെപിക്ക് 2021ൽ 77 സീറ്റുകൾ നേടാനായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസ് 29 സീറ്റിൽ വിജയിച്ചപ്പോൾ ബിജെപി 12 സീറ്റുകൾ നേടി. എൽഡിഎഫ് പൂജ്യത്തിൽ നിലയുറപ്പിച്ചപ്പോൾ കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടി.