തൊടുപുഴ: ഇടുക്കി മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി നാലുതവണ വെന്നിക്കൊടി പാറിച്ച മന്ത്രി റോഷി അഗസ്റ്റിന് അഞ്ചാം അങ്കത്തിനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്കു തടയിടാന്‍ ആരെയാകും യുഡിഎഫ് രംഗത്തിറക്കുകയെന്ന ആകാംക്ഷയിലാണ് ഇവിടത്തുകാര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ 5,573 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് റോഷി എല്‍ഡിഎഫ് മന്ത്രിസഭയില്‍ എത്തിയത്. തുടര്‍ച്ചയായി മൂന്നു തവണയും യുഡിഎഫില്നിന്നായിരുന്നു വിജയമെങ്കില്‍ മുന്നണിമാറ്റത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉജ്വലവിജയം നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
സംസ്ഥാനത്ത് പ്രസ്റ്റീജ് മത്സരം നടക്കുന്ന മണ്ഡലമായി ഇക്കുറി ഇടുക്കി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ ഏക മന്ത്രിയാണ് ഇദ്ദേഹം. അതിനാല്‍തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ റോഷിയുടെ പ്രകടനം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
ഇത്തവണ ഇടുക്കി സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ ഇതുവരെ ധാരണയായിട്ടില്ല. സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ലെന്നാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചത്. അതേസമയം റോഷിയെ തറപറ്റിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിതന്നെ വേണമെന്നാണ് യുഡിഎഫിലെ പൊതുവികാരം.
റോഷിക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനവും മന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭൂചട്ടഭേദഗതിയും അനുകൂലമാകുമെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കട്ടപ്പന നഗരസഭയും ഭൂരിഭാഗം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഒപ്പംനിന്നതാണ് യുഡിഎഫിനു പ്രതീക്ഷ നല്‍കുന്നത്.
മണ്ഡലങ്ങള്‍ വിട്ടുനല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടരുകയാണ്. രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.