തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭ ബഹിഷ്കരിച്ചു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം തുടരുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണു കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി പറഞ്ഞതെന്നും സോണിയാ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും അപമാനിക്കാൻ മന്ത്രിമാർ തന്നെ രംഗത്തിറങ്ങുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതിനിടെ പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലേക്കു മുദ്രാവാക്യം വിളികളുമായി ചെന്നു. ഭരണപക്ഷാംഗങ്ങളും പ്ലക്കാർഡുകളുമായി എഴുന്നേറ്റു. ഇതിനിടെ പി. രാജീവടക്കമുള്ള മന്ത്രിമാർ പ്രതിപക്ഷ നേതാവിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
മന്ത്രി എം.ബി. രാജേഷായിരുന്നു വി.ഡി. സതീശനെതിരേ ആദ്യം വിമർശനമുന്നയിച്ചത്. പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കഴിഞ്ഞ ദിവസം സ്പീക്കറെ ബാനർ കൊണ്ടു മറച്ചു പ്രതിപക്ഷം അന്ധനാക്കുകയായിരുന്നു. ഒരംഗം സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറി. നേരത്തേ ഈ അംഗം ഹൈ ജംപിനു പോയിരുന്നെങ്കിൽ ആ മേഖലയിൽ വലിയ നിലയിൽ എത്തുമായിരുന്നെന്നും ഇരട്ടത്താപ്പിന്റെ നേതാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനു സമനില തെറ്റിയെന്നായിരുന്നു മന്ത്രി പി. രാജീവിന്റെ വിമർശനം. സതീശൻ ബിജെപിയുടെ നാവായി മാറുന്നു. ഞാൻ ഞാൻ ഞാൻ എന്ന ഒറ്റ വികാരം മാത്രമാണു പ്രതിപക്ഷ നേതാവിനുള്ളത്. മറ്റാരെയും അംഗീകരിക്കാൻ അദ്ദേഹം തയാറല്ലെന്നും രാജീവ് പറഞ്ഞു.
ഇതിനിടെ മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തി. നേരത്തേ സെക്രട്ടേറിയറ്റിനു മുന്നിലെ യോഗത്തിൽ തനിക്കെതിരേ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തനിക്കെതിരേ തരംതാണ പ്രയോഗം നടത്തിയിട്ടും ഒരു മന്ത്രിപോലും പ്രതിപക്ഷ നേതാവിനെതിരേ മോശം പദപ്രയോഗം നടത്തിയില്ല. അതാണു ഭരണപക്ഷത്തുള്ളവരുടെ അന്തസ്. കഴിഞ്ഞ ദിവസം സ്പീക്കറെ ആക്രമിക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണു ഗൂഢാലോചന നടന്നതെന്നും കനഗോലുവിന്റെ ഉപദേശം കേട്ടിട്ടാണോ പ്രതിപക്ഷ നേതാവ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ അപലപിച്ച് പ്രമേയം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം അക്രമം കാട്ടിയതിനെ അപലപിച്ചു മന്ത്രി എം.ബി. രാജേഷ് സഭയിൽ പ്രമേയം അവതരിപ്പിച്ചു. ചൊവ്വാഴ്ച നിയമസഭയിലുണ്ടായത് സമീപകാലത്തെങ്ങുമില്ലാത്ത അക്രമങ്ങളാണെന്നും രണ്ട് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ വേദിയിലേക്ക് ചാടിക്കയറി യെന്നും മറ്റ് നിരവധി അംഗങ്ങൾ ഡയസിലേക്ക് കയറാൻ ശ്രമിച്ചെന്നും അക്രമാസക്തരായ പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചെന്നും രാജേഷ് പറഞ്ഞു. സഭയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു.
സ്പീക്കറുടെ മുഖം മറച്ച് ബാനറുയർത്തി. ചട്ടവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് പ്രതിപക്ഷത്തിന്റേത്. സഭയുടെ അന്തസിന് കളങ്കമായ പ്രതിപക്ഷ അക്രമങ്ങളെ സഭ അപലപിക്കുന്നതായും മന്ത്രി പറഞ്ഞു.
തിരിച്ചടിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: തനിക്കെതിരേയുള്ള മന്ത്രിമാരുടെ വിമർശനത്തിന് അതേ രീതിയിൽ തന്നെ തിരിച്ചടിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭയിലെ കംപ്യൂട്ടർ അടിച്ചുപൊട്ടിച്ചതും കസേര എടുത്തെറിഞ്ഞതും ആരാണെന്നു ജനങ്ങൾ കണ്ടതാണെന്നും ബിജെപിയെ സുഖിപ്പിക്കാൻ ഇരട്ടത്താപ്പു ഭരണം നടത്തുന്നതാരാണെന്നു ജനങ്ങൾക്കു മനസിലായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
വംശഹത്യക്കു നേതൃത്വം നൽകിയ അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച് അദ്ദേഹം തന്റെ ആത്മാർഥ സുഹൃത്താണെന്നു പറഞ്ഞത് എം.ബി.രാജേഷാണെന്നും സതീശൻ പറഞ്ഞു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രതിപക്ഷ നേതാവ് വണങ്ങിനിന്നുവെന്ന മന്ത്രി രാജേഷിന്റെ പരാമർശത്തിനോടുള്ള മറുപടിയായാണു അനുരാഗ് ഠാക്കൂറിന്റെ പേര് പ്രതിപക്ഷ നേതാവ് സഭയിൽ പരാമർശിച്ചത്.
വാച്ച് ആൻഡ് വാർഡിനെതല്ലിയെന്നതു ശരിതന്നെ:സ്പീക്കർ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സഭയിൽ ബഹളത്തിനിടെ ഒരു പ്രതിപക്ഷാംഗം വാച്ച് ആൻഡ് വാർഡിനെ ബാനർ കെട്ടിയ കന്പുകൊണ്ടു തല്ലിയെന്നതു ശരിതന്നെയാണെന്നു സ്പീക്കർ എ.എൻ. ഷംസീർ. ആ അംഗത്തിന്റെ പേരു പറയുന്നില്ലെന്നും പറഞ്ഞാൽ അദ്ദേഹത്തിനു ബഹുമാനക്കുറവുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു.
എന്നാൽ പറയേണ്ടി വന്നാൽ താനതു പറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു സ്പീക്കർ.